swan-pot

ലണ്ടൻ : ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സാൻമെൻഷിയ. മേയ് ആദ്യം ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കൺസ്ട്രക്ഷൻ തൊഴിലാളികൾ മണ്ണിനടിയിൽ ഒരു കല്ലറ കണ്ടെത്തി. തുടർന്ന് സാൻമെൻഷിയ ആർക്കിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരെ വിവരമറിയിച്ചു. വളരെ അവിചാരിതമായി കണ്ടെത്തിയ ആ കല്ലറയ്ക്കുള്ളിൽ ഗവേഷകരെ കാത്തിരുന്നത് അത്ഭുതകരമായ ഒരു വസ്തുവായിരുന്നു. അരയന്നത്തിന്റെ ആകൃതിയിലുള്ള ഒരു വെങ്കല പാത്രവും അതിനുള്ളിൽ ബ്രൗൺ നിറത്തിലെ ഒരു നിഗൂഡ ദ്രാവകവും. !

2,000 വർഷം പഴക്കമുള്ള കല്ലറ ഒരു ചൈനീസ് സൈനികന്റേതാകാം ഈ കല്ലറയെന്നാണ് ഗവേഷകർ പറയുന്നത്. ചൈനയിലെ ക്വിൻ രാജവംശത്തിന്റെയോ ( 221 ബിസി - 207 ബിസി ), ഹാൻ രാജവംശത്തിന്റെയോ (202 ബിസി - എഡി 220 ) നിർമിതമാണ് ഈ കല്ലറ എന്നാണ് പ്രാഥമിക നിഗമനം. കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയ വെങ്കല പാത്രത്തിനുള്ളിൽ 3 ലിറ്റർ അജ്ഞാതദ്രാവകമാണ് ഉണ്ടായിരുന്നത്. കൂടാതെ വെങ്കലത്തിൽ തന്നെ നിർമിതമായ ഒരു ശിരോകവചം, പാത്രം, വാളുകൾ തുടങ്ങിയവയും കല്ലറയിൽ നിന്നും കണ്ടെത്തി. ദ്രാവകത്തിനുള്ളിൽ ഏതോ വസ്തു അടിഞ്ഞു കൂടി കിടന്നിരുന്നു. ദ്രാവകം

ഏതാണെന്ന് കണ്ടെത്താനാവാതെ വന്നതോടെ ആർക്കിയോളജിസ്റ്റുകൾ ദ്രാവകത്തിന്റെ സാമ്പിളുകൾ വിദഗ്ദ പരിശോധനയ്ക്കായി ബീജിംഗിലേക്ക് അയച്ചിരിക്കുകയാണ്. ഗവേഷകരെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യമെന്തെന്നാൽ അരയന്നത്തിന്റെ രൂപത്തിലെ പാത്രമാണ്. ശരിക്കും മനുഷ്യൻ വളർത്തിയിരുന്ന ഒരു അരയന്നത്തിന്റെ എല്ലാ സവിശേഷതകളും ഈ രൂപത്തിൽ പ്രകടമാണെന്ന് ഗവേഷകർ പറയുന്നു.

പുരാതന ചൈനയിൽ മൃതശരീരങ്ങൾ കേടുപാടില്ലാതെ സൂക്ഷിക്കാൻ അജ്ഞാത മരുന്നുകൾ ഉപയോഗിച്ചിരുന്നു. വായു ഒട്ടും കടക്കാത്തവണ്ണം മഗ്നീഷ്യം അടങ്ങിയ അമ്ല സ്വഭാവമുള്ള ഒരു അജ്ഞാത ദ്രാവകത്തിൽ സൂക്ഷിക്കപ്പെട്ട നിലയിൽ രാജാക്കൻമാരുടെയും രാജ്ഞിമാരുടെയും മമ്മികൾ കണ്ടെത്തിയിട്ടുണ്ട്.

ഈ ദ്രാവകം ഏതാണെന്നോ അതിന്റെ ഉറവിടം കണ്ടെത്താനോ ഇന്നും കഴി‌ഞ്ഞിട്ടില്ല. ഈ ദ്രാവകത്തിന് സമാനമായ എന്തെങ്കിലുമാണോ ഇപ്പോൾ സാൻമെൻഷിയയിൽ കണ്ടെത്തിയിരിക്കുന്നതെന്ന് ഗവേഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പുരാതന ചൈനീസ് വിശ്വാസമനുസരിച്ച് പുനർജന്മത്തിലേക്ക് നയിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു തരം വൈൻ മൃതദേഹങ്ങൾക്കൊപ്പം കല്ലറകളിൽ അടക്കം ചെയ്യുന്ന പതിവുണ്ടായിരുന്നുവെന്നും അതാകാം ഇതെന്നും ചിലർ പറയുന്നു.