pic

തിരുവനന്തപുരം : സാങ്കേതിക തകരാറുകളെ തുടർന്ന് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള തൊഴിലുടമാവിഹിതവും റോഡ് നികുതിയും അടയ്ക്കാൻ കഴിയാത്തത് സംസ്ഥാനത്തെ മോട്ടോർ തൊഴിലാളികളെയും തൊഴിലുടമകളെയും ദുരിതത്തിലാക്കുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ വാഹനങ്ങളുടെ ഫിറ്റ് നസ് ടെസ്റ്റിനും ടാക്സ് അടയ്ക്കുന്നതിനും എത്തുന്നവരാണ് സാങ്കേതിക തകരാറുകളെ തുടർന്ന് പണം ഒടുക്കാനാകാതെ കഷ്ടപ്പെടുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സംസ്ഥാനത്തെ ആട്ടോ , ടാക്സി സർവീസുകൾക്ക് സർക്കാർ അനുമതി നൽകുകയും കഴിഞ്ഞ രണ്ട് മാസമായി മുടങ്ങിക്കിടന്ന ഫിറ്റ്നസ് ടെസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുകയും ചെയ്തിരുന്നു.

മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ പ്രവർത്തനസജ്ജമായപ്പോഴാണ് ടാക്സ് അടയ്ക്കാനും മറ്റും വാഹന ഉടമകളും ഡ്രൈവർമാരും ശ്രമം തുടങ്ങിയത്. അക്ഷയ സെന്ററുകൾ വഴി ഓൺ ലൈനായും ആക്സിസ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവ മുഖാന്തിരം ഇ - പെയ്മെന്റായുമാണ് ക്ഷേമനിധി വിഹിതം അടയ്ക്കുന്നത്. തൊഴിലുടമകൾ തന്നെയാണ് ആട്ടോ- ടാക്സി രംഗത്ത് തൊഴിലാളികൾ. ഓൺ ലൈനായും ഇ- പെയ്മെന്റായും പണം അടച്ചിട്ട് വരുന്നവർ ടാക്സ് ഒടുക്കാനെത്തുമ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ ക്ഷേമനിധി വിഹിതം കുടിശിഖ കാണിക്കുന്നതാണ് പ്രശ്നം.ക്ഷേമനിധി വിഹിതം അടച്ചാൽ മാത്രമേ ടാക്സ് സ്വീകരിക്കാവൂവെന്നാണ് ചട്ടം. ഇത് കാരണം മോട്ടോർ വാഹനവകുപ്പ് ജീവനക്കാ‌ർ ടാക്സ് സ്വീകരിക്കാനും തയ്യാറാകാറില്ല. ഇത്കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആട്ടോ ടാക്സി തൊഴിലാളികൾ ക്ഷേമനിധി വിഹിതവും റോഡ് നികുതിയും അടയ്ക്കാനാകാതെ വലയുകയാണ്.

കെൽട്രോണും ഐ.ടി വകുപ്പും ചേർ‌ന്ന് രൂപപ്പെടുത്തിയ സോഫ്റ്റ് വെയറിലാണ് മോട്ടോർ വാഹനവകുപ്പിന്റെ സൈറ്റ് പ്രവർത്തിക്കുന്നത്. ഇതിലുണ്ടായ സാങ്കേതിക തകരാറാണ് ക്ഷേമനിധി വിഹിതം അടച്ച വാഹന ഉടമകളെ തിരിച്ചറിയുന്നതിനും ടാക്സ് സ്വീകരിക്കുന്നതിനും തടസമായത്. ആട്ടോ- ടാക്സി തൊഴിലാളികളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഐ.ടി വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചതായി മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസിൽ നിന്ന് അറിയിച്ചു. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നുണ്ടായ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ നട്ടം തിരിയുമ്പോഴാണ് റോഡ് നികുതി ഇനത്തിലും ക്ഷേമനിധി വിഹിതമായും സർക്കാർ ഖജനാവിലേക്ക് അടയ്ക്കേണ്ട പണം അടയ്ക്കാനാകാതെ വാഹന ഉടമകളും ഡ്രൈവർമാരും നെട്ടോട്ടമോടുന്നത്.