ലോക്ക് ഡൗൺ വന്നതോടെ ആയിരക്കണക്കിന് നാടക കലാകാരന്മാർ ദുരവസ്ഥയിലാണ്. ഉത്സവങ്ങളും പൊതുപരിപാടികളും റദ്ദാക്കപ്പെട്ടതോടെ നാടകത്തെയും മറ്റ് കലാരൂപങ്ങളെയും ആശ്രയിച്ചു ജീവിച്ചിരുന്നവർ അനിശ്ചിതത്വത്തിലായി. കേരളത്തിൽ അറുപതിൽപ്പരം നാടക ട്രൂപ്പുകൾ ഉണ്ട്. ഒരു നാടകം അരങ്ങിലെത്തിക്കണമെങ്കിൽ കുറഞ്ഞത് പത്തു ലക്ഷം രൂപയെങ്കിലും വേണം. ലോണെടുത്തും കടം വാങ്ങിയും വീട്ടിലുള്ളവരുടെ സ്വർണം പണയം വച്ചുമാണ് ഉത്സവ സീസൺ എത്തും മുമ്പേ എല്ലാ ട്രൂപ്പുകളും നാടകാവതരണത്തിന് തയ്യാറെടുത്തത്. പതിനായിരത്തിൽപ്പരം വേദികളിൽ അവതരിപ്പിക്കേണ്ട നാടകങ്ങൾ റദ്ദാക്കപ്പെട്ടതോടെ അഞ്ചുകോടിയിൽപ്പരം രൂപയുടെ നഷ്ടമാണ് ഈ മേഖലയ്ക്കുണ്ടായത്. നാടകത്തിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന വൃദ്ധരും രോഗികളും ഉൾപ്പെടുന്ന കുടുംബങ്ങൾ ശരിക്കും പട്ടിണിയിലായിരിക്കുകയാണ്. ഇവരെ സഹായിക്കാൻ സംഗീത നാടക അക്കാഡമിയോ സാംസ്കാരിക വകുപ്പോ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ നാടക സമിതിയിലെയും അംഗങ്ങൾക്ക് പതിനായിരം രൂപ വീതം വായ്പ നൽകിയാൽ ഈ അവസ്ഥ മാറുമ്പോൾ തിരിച്ചടച്ചുകൊള്ളാം.
പ്രദീപ് മാളവിക
വൈസ് പ്രസിഡന്റ്
കേരള ഡ്രാമ വർക്കേഴ്സ് അസോസിയേഷൻ