pic

ന്യൂഡൽഹി: ഡ്യൂട്ടി സമയം, സുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡൽഹി എയിംസിൽ നഴ്സുമാരുടെ പ്രതിഷേധം. എയിംസ് നഴ്സസ് യൂണിയനാണ് പ്രതിഷേധം നടത്തുന്നത്. പി.പി.ഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്‌ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്.

എയിംസിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എയിംസ് ഡയറക്ടറുടെ മുറിയുടെ മുന്നിൽ കുത്തിയിരുന്ന് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധം മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും ഇതുവരെ അധികൃതർ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.നിരവധി ആശുപത്രി ജീവനക്കാര്‍ക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ആശുപത്രികള്‍ പൂട്ടിയിടുന്ന സ്ഥിതിയുമുണ്ടായിരുന്നു.

അതേസമയം ഡൽഹിയിൽ കൊവിഡ്‌ രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് അടുക്കുകയാണ്‌. ഇന്നലെ മാത്രം 13 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.