നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായിരിക്കെ ഒരു വർഷം മുൻപ് ഹൃദ്രോഗ ബാധിതനായി മരിച്ച കമുകിൻകോട് സ്വദേശി എസ്.വി. ആനിൽകുമാറിന്റെ മകളുടെ വിദ്യാഭ്യാസത്തിന് തുടർ സഹായമൊരുക്കി സഹപ്രവർത്തകർ മാതൃകയായി. അനിലിന്റെ മരണത്തെ തുടർന്ന് ഏകമകൾ അനാമികയുടെ പേരിൽ സഹപ്രവർത്തകർ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ സ്ഥിര വരുമാന നിക്ഷേപം കുടുംബത്തിന് കൈമാറിയിരുന്നു. എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ് അനാമിക. കൂടാതെ എല്ലാ മാസവും അസോസിയേഷന്റെ നേതൃത്വത്തിൽ അനാമികയ്ക്ക് തുടർ സഹായങ്ങളൊരുക്കും. ഹൈസ്കൂളിലേക്ക് കടക്കുന്ന അനാമിക്ക് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ സ്പർശം ഫണ്ടിൽ നിന്ന് അനുവദിച്ച സഹായധനം ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ നെയ്യാറ്റിൻകരയിൽ നടന്ന ചടങ്ങിൽ കൈമാറി. എം.എൽ.എ മാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ഹീബ, കെ.കെ. ഷിബു, വി. കേശവൻകുട്ടി, എൻ.എസ്. ദിലീപ്, സോണൽ ഓഫീസർ ഉദയകുമാർ, ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ ജേക്കബ് സാം ലോപ്പസ്, എ.ടി.ഒമാരായ മുഹമ്മദ് ബഷീർ, ബി. അനിൽകുമാർ, ഭദ്രൻ, ജോയ് മോൻ, ലാൽ, സജീവ്, ശബരീനാഥ് രാധാകൃഷ്ണൻ ട്രേഡ് യൂണിയൻ പ്രതിനിധികളായ സുശീലൻ മണവാരി, എൻ.കെ. രഞ്ജിത്ത്, എൻ.എസ്. വിനോദ് ,സാബു, വി. അശ്വതി, എസ്. ശ്യാമള, മുൻ എ.ടി.ഒ പള്ളിച്ചൽ സജീവ് എന്നിവരും അനിൽകുമാറിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. അനാമികക്കുള്ള പ്രതിമാസ തുടർസഹായം തുടരാനാണ് യൂണിറ്റിന്റെ തീരുമാനമെന്ന് സെക്രട്ടറി ജി. ജിജോ അറിയിച്ചു.