പ്രപഞ്ചം പഞ്ചഭൂതനിർമ്മിതമാണ്. അതിൽ അഗ്‌നിയാണ് സർവ സംഹാരമൂർത്തി. വെളിച്ചം തരുന്നതിനുപരി എതു കഠിന വസ്തുവിനെയും വെന്തുരുക്കി നിമിഷംകൊണ്ട് നശിപ്പിക്കാനുള്ള കഴിവ് അഗ്‌നിക്കാണുള്ളത്. അഗ്‌നി ഉപാസനയിലൂടെ കൊവിഡിനെന്നല്ല ഏത് മഹാമാരിയേയും നേരിടാനാവും.
വായുവിൽ ഉൾക്കൊണ്ടിട്ടുള്ള എല്ലാ രോഗാണുക്കളും മനുഷ്യശരീരത്തിൽ മാത്രമല്ല എല്ലാ ജീവജാലങ്ങളിലുമുണ്ട്. അതിൽ ഏതെങ്കിലും ഒരു വൈറസിന്റെയോ, ബാക്ടീരിയയുടെയോ ആധിക്യം സംഭവിക്കുമ്പോൾ, അത് മുന്തിനിൽക്കുന്ന രോഗം പെട്ടെന്ന് ബാധിക്കുന്നു. അതിനെ ചെറുത്തുനിറുത്താനുള്ള പ്ര
തിരോധ ശക്തിയില്ലാത്തവർ അടിപ്പെട്ടുപോകുന്നു. ലോകം ഇനിയും നേരിടാനിരിക്കുന്ന മഹാമാരികളെ കാലേക്കൂട്ടി തടയാനുള്ള ചിന്തയിലാണ് അഗ്‌നി ഉപാസനയെപ്പറ്റി എടുത്തുപറയുന്നത്.
അന്തരീക്ഷ വായുവിലെ സർവ അണുക്കളെയും അതത് കാലത്ത് നശിപ്പിക്കുന്നതിന് അഗ്‌നിയേയും സൂര്യനേയും ഉപാസനാ മൂർത്തികളാക്കി അണുനശീകരണ പ്രവർത്തനം ഒാരോ വ്യക്തികളെയും കുടുംബത്തിനെയും ഏൽപ്പിച്ചിരുന്നു ഋഷിശ്വരന്മാർ.
വ്യക്തി ശുചിത്വം
വൈറസ് ബാധയകറ്റാൻ ദിവസം രണ്ടുനേരം കുളിക്കുക, പുറത്തുപോയിവന്നാൽ കാലും കൈയും കഴുകുക, എപ്പോഴും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, ജന്തു ജന്യ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ആവശ്യത്തിന് മാത്രം ഭക്ഷിക്കുക, രാത്രി അര വയർ ഭക്ഷണം മാത്രം. സൂര്യാസ്തമയത്തിനുശേഷം ദഹിക്കാൻ പ്രയാസമുള്ള കട്ടിയാഹാരങ്ങൾ കഴിക്കാതിരിക്കുക.
അണുമുക്ത കുടുംബം
സൂര്യോദയത്തിന് മുൻപും സൂര്യാസ്തമയത്തിന് ശേഷവുമുള്ള സമയമാണ് അണുക്കളുടെയും വൈറസുകളുടെയും വിഹാര സമയം. അണുക്കളെ കൂട്ടത്തോടെ നശിപ്പിക്കാൻ പറ്റിയ സമയം സന്ധ്യാസമയങ്ങളാണ്.
സന്ധ്യയ്ക്ക് മുൻപ് മുറ്റവും വീടിനകവും അടിച്ചുവാരി വൃത്തിയാക്കി വീടിനുള്ളിൽ സാമ്പ്രാണി പുകച്ച് പുറത്തിറക്കി മുറ്റത്ത് നെരുപ്പോട് തീയിട്ട് പുകച്ച് സർവഅണുക്കളെയും അകറ്റാം. അഞ്ച് തിരിയിട്ട് നിലവിളക്ക് കത്തിച്ച് സന്ധ്യാനാമം ഉറക്കെ ജപിക്കണം.
മരണവീട്ടിൽ പോയാൽ
ഒരാൾ മരണപ്പെട്ടാലും മൃതദേഹമാകാൻ വീണ്ടും അഞ്ച് നാഴികയോളം വേണ്ടിവരും. ശരീരത്തിന്റെ ചൂട് പൂർണമായും വിട്ടുമാറുന്നതുവരെയും ആ ശരീരത്തിൽ ഉൾക്കൊണ്ടിരിക്കുന്ന അണുക്കൾ പുറത്തേക്ക് നിർഗമിച്ച് വായുവിൽ പകർന്നുകൊണ്ടിരിക്കും. അതുകൊണ്ടാണ് മരണവീട്ടിൽ പോയാൽ വസ്ത്രം കഴുകി കുളിച്ചിട്ട് മാത്രമേ വീട്ടിൽ കയറാവൂ എന്ന് ശഠിക്കുന്നത്.ചകിരി തൊണ്ടിനും വറളിക്കും അവയിൽനിന്നും ഉണ്ടാകുന്ന ധൂമത്തിന് അസാധാരണമായ ശക്തിയുണ്ട്. അതുകൊണ്ടാണ് പണ്ട് കാലങ്ങളിൽ മൃതദേഹ സംസ്കരണം തൊണ്ടും വറളിയുമുപയോഗിച്ച് ചെയ്തിരുന്നത്. മൃതദേഹത്തിൽ നിന്നും പരിസരത്ത് വ്യാപിച്ച എല്ലാ അണുക്കളെയും ഇവയുടെ ധൂമത്തിന് നശിപ്പിക്കാൻ കഴിവുണ്ട്.
ദീപാരാധന
കാർത്തിക കാലം മന്ദമാരുതനുള്ള സമയമാണ്. കൃഷിപ്പാടങ്ങളിൽ നെല്ലിന് പാലൊറുക്കുന്ന കാലവുമാണ്. കർഷകർ പന്തങ്ങൾ കത്തിച്ച് പാടങ്ങളുടെ മദ്ധ്യത്ത് കുത്തി നിറുത്തുമ്പോൾ നെല്ലിന്റെ ക്ഷുദ്ര ജീവികളായ ചാഴിയും മറ്റു കീടങ്ങളും തീയിൽ വന്നു വെന്തു നശിക്കുന്നു.
അണുനാശിനിയുടെ ഒരു മേജർ ഘട്ടമാണ് ദീപാവലി. കാലാവസ്ഥ ഭേദമനുസരിച്ച് സുഖം പറ്റി അണുക്കളും വൈറസുകളും ഭൂമിയെ ആശ്രയിച്ചിരിക്കുന്ന സന്ദർഭത്തിൽ ഒരു രാത്രികൊണ്ട് വെടിയും പുകയും തീയും വെടിക്കെട്ടും കൊണ്ട് അണുക്കളും ചത്തൊടുങ്ങുന്നു. കരിമരുന്നിന്റെ ഗന്ധം അന്തരീക്ഷത്തിൽ മുഴുവൻ പകരുന്നു. .
ആരാധനാലയങ്ങളിൽ രണ്ടുനേരത്തെ പൂജയും വിളക്ക് നേർച്ചയും കെടാവിളക്കും ചുറ്റുവിളക്കും തുടങ്ങി തിരി വിളക്ക് കത്തിക്കുന്നത് തന്നെ അനവധി ഭക്തർ കേറിയിറങ്ങുന്ന സ്ഥലമായതിനാൽ അണുബാധയെ ചെറുത്തു വായു മാലിന്യ മുക്തമാക്കാനും കൂടിയാണ്. ദീപാരാധന സമയം എല്ലാ ഭക്തരും ഏകാഗ്രത പാലിക്കുന്ന സമയമാണ്. അഗ്‌നി അണുനാശിനി എന്നതിന് മറ്റൊരു ഉദാഹരണമാണ്. ശബരിമല. വിവിധ തരം
രോഗങ്ങളുള്ള ലക്ഷക്കണക്കിന് ഭക്തന്മാർ ഒന്നിച്ചുകൂടുന്നു അവിടെ. അവരിലാർക്കും സമ്പർക്ക രോഗം ഉണ്ടായതായി ചരിത്രമില്ല. അവയെല്ലാം നെയ്യ് വിളക്കുകളാലും കർപ്പൂര ദീപത്താലും ആഴിത്തീയാലും വെന്തെരിഞ്ഞ് അന്തരീക്ഷം ശുദ്ധമാക്കുന്നു.
ഇനിയെന്തു മാർഗം?
അഴുക്കും വിഴുപ്പും കഴിവതും വീട്ടിനുള്ളിൽ വാരിക്കൂട്ടാതിരിക്കുക
ദിവസം ഒരു തവണയെങ്കിലും മുറികൾ നന്നായി അടിച്ചുവാരുക.
ദിവസവും സന്ധ്യയ്ക്ക് മുറ്റമടിച്ച് നെരിപ്പോട് പുകയ്ക്കുക.
ദിവസവും സന്ധ്യയ്ക്ക് 6.30 മുതൽ 7 വരെയുള്ള അരമണിക്കൂർ എങ്കിലും അഞ്ചുതിരിയിട്ട നിലവിളക്ക് വരാന്തയിൽ കത്തിച്ചുവയ്ക്കുക.
സന്ധ്യയ്ക്ക് വീട്ടുമുറ്റത്ത് നിന്ന് കാറ്റിന്റെ ഗതി മനസിലാക്കി ആ കോണിൽ ഒരു സ്ഥിരം അഗ്‌നികുണ്ഡം നിർമ്മിക്കുക. ദിവസവും സന്ധ്യയ്ക്ക് 6 മണിക്ക് അഗ്‌നി തെളിക്കണം.
ഭക്ഷണം
ജീവിക്കാൻ വേണ്ടി ആഹാരം കഴിക്കുന്നവർ സമ്പൂർണ ജീവിതത്തിലെത്തുന്നു. ജന്തുജന്യ ഭക്ഷണം ഉപേക്ഷിക്കുക. ധാന്യങ്ങൾ, പയറുവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങൾ എന്നിവ കുട്ടികളിൽ ശീലിപ്പിക്കുക, ഇവയെല്ലാം ആത്മനിയന്ത്രണ വിധേയമായ ആഹാരങ്ങളാണ്. അഴുകിയതും പഴയതുമായവ ഉപേക്ഷിക്കുക, ഫ്രിഡ്ജിൽ വച്ചതും ബേക്കറി വസ്തുക്കളും വറുത്തതും കരിച്ചതും ഉപയോഗിക്കാതിരിക്കുക. നമ്മുടെ പലവൃജ്ഞനങ്ങളായി മുൻഗാമികൾ നിർണയിച്ചിട്ടുള്ളവ ദിവ്യ ഒൗഷധങ്ങളാണ്. അവയെല്ലാം തന്നെ തികച്ചും ഒറ്റമൂലികളാണ്. അവ കറികളിൽ ആവശ്യാനുസരണം ചേർക്കുക. മഞ്ഞൾ, കടുക്, കറിവേപ്പില എന്നിവ ഭക്ഷണത്തിലെ സർവവിഷാംശങ്ങളെ എടുത്തുകളയുന്നതിനോടൊപ്പം കൃമിശല്യം ഉണ്ടാകാതെയും സൂക്ഷിക്കുന്നു. ഉലുവ, ഉള്ളി, വെളുത്തുള്ളി, ജീരകം ഇവയുടെ ഗുണങ്ങൾ അത്യനവധിയാണ്. (അഭിപ്രായം വ്യക്തിപരം,ലേഖകന്റെ ഫോൺ : 9633189190 )