panth

കിളിമാനൂർ: പുളിമാത്ത് പഞ്ചായത്തിലെ പന്തുവിള പട്ടികജാതി കോളനി നിവാസികൾ ഇനി കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട. പഞ്ചായത്തിൽ ഏറ്റവും രൂക്ഷമായ കുടിവെള്ളപ്രശ്നം നേരിടുന്ന ഈ കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ വാമനപുരം നദിക്ക് സമീപം മാതൃകാ ചെറുകിട കുടിവെള്ള പദ്ധതിക്ക് തുടക്കമാകുകയാണ്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ബി.സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിലയിരുത്തി. വാമനപുരം നദിയിൽ അയിലം കടവിന് സമീപം ലക്ഷം കടവ് (പഴയ എരുത്തനാട് കടവ്) എന്നറിയപ്പെടുന്ന സ്ഥലത്താണ് കിണറും വെൽക്കം പമ്പ് ഹൗസും സ്ഥാപിക്കുന്നത്. നദിയോട് ചേർന്നുള്ള വെൽകം പമ്പ് ഹൗസ് നിർമ്മാണം ഏറ്റവും ബുദ്ധിമുട്ടായിരുന്നു. അതിന്റെ ആദ്യഘട്ട നിർമ്മാണം കഴിഞ്ഞു. കിണറിൽ നിന്നും വെളളം പമ്പ് ഹൗസിലേക്ക് കയറ്റിയ ശേഷം തൊട്ടടുത്ത് തന്നെ പന്തുവിളയിലെ ഏറ്റവും ഉയർന്ന ഭാഗത്ത് സ്ഥാപിക്കുന്ന മൈക്രാ ഫിൽറ്റർ ട്രീറ്റ്മെന്റ് പ്ലാന്റിലെ ടാങ്കിലെത്തിക്കും. 1 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിൽ നദിയിൽ നിന്നുള്ള വെള്ളവും സംഭരിക്കും. തുടർന്ന് ആധുനിക രീതിയിൽ വെള്ളം ക്രൈാ ഫിൽറ്റർ ഉപയോഗിച്ച് ശുചിയാക്കിയ ശേഷം വാട്ടർലൈൻ വഴി വീടുകളിൽ എത്തിക്കുന്നതാണ് പദ്ധതി. അധികം വൈകാതെ പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതോടെ കോളനിയിലെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനായുള്ള നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്.

പന്തുവിളയുടെ സ്വപ്ന പദ്ധതി

ഇവിടത്തെ നാട്ടുകാരുടെയും എം.എൽ.എയുടെയും സ്വപ്ന പദ്ധതിയാണ് നടപ്പിലാകാൻ പോകുന്നത്. നിലവിൽ പുളിമാത്ത് പഞ്ചായത്തിൽ കുടിവെള്ള പദ്ധതികൾ ഇല്ല. ദൂരസ്ഥലങ്ങളിൽ നിന്നും പൊതുകിണറുകളിൽ നിന്നുമൊക്കെയാണ് പന്തുവിള കോളനിയിലെ ആളുകൾ കുടിവെള്ളം ശേഖരിക്കുന്നത്. ദീർഘനാളത്തെ ആവശ്യം സാക്ഷാത്കരിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ.

 വാട്ടർ ട്രീറ്റ്മെന്റ് ആധുനിക രീതിയിൽ

 നിർമ്മാണചുമതല വാട്ടർ അതോറിട്ടിക്ക്

അതിവേഗം നിർമ്മാണം പൂർത്തിയാക്കാൻ ശ്രമം

ടാങ്ക് കപ്പാസിറ്റി - 1 ലക്ഷം ലിറ്റർ

കോളനി നിവാസികൾ നടത്തിയ നിരന്തര പരിശ്രമമാണ് വിജയം കാണുന്നത്. ഈ സ്വപ്ന പദ്ധതിക്കായി രണ്ട് പേർ അവരുടെ സ്ഥലം വിട്ടു തന്നു. പട്ടികജാതി കോളനിയിൽ മിനി കുടിവെള്ള പദ്ധതി ആദ്യമായിട്ടാണ് നടപ്പിലാക്കുന്നത്.

ബി.സത്യൻ, എം.എൽ.എ