തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അദ്ധ്യയന വർഷം സ്കൂൾതുറന്നത് ഓൺലൈനിലൂടെ. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകളിലൂടെയാണ് പുതിയ അദ്ധ്യയന വർഷം ആരംഭിച്ചത്. ഇന്നലെ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് ക്ലാസുകൾ തുടങ്ങിയത്. വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ രീതിയിൽ ക്ലാസുകൾ ആരംഭിക്കാൻ ഇപ്പോൾ കഴിയില്ല.നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളെ തുടർപഠനത്തിന് സജ്ജരാക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ക്ലാസുകൾ. അദ്ധ്യയനത്തിന്റെയും അദ്ധ്യാപനത്തിന്റെയും നവമാതൃക വിജയമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
പ്ലസ് ടു വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ക്ലാസോടെയാണ് പഠനം ആരംഭിച്ചത്. അര മണിക്കൂർ വീതമാണ് ഓരോ വിഷയങ്ങളുടെയും സംപ്രേഷണം. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ ആഴ്ചയിലെ ക്ലാസുകൾ. പോരായ്മകളുണ്ടെങ്കിൽ പരിഹരിച്ച് അടുത്തയാഴ്ച ക്ലാസുകൾ പുന:സംപ്രഷണം ചെയ്യും. രാത്രിയിലും ശനി, ഞായർ ദിവസങ്ങളിലും ക്ലാസുകളുടെ പുന:സംപ്രേഷണമുണ്ടാകും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.
ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ ബദൽ സംവിധാനമൊരുക്കാൻ സ്കൂൾ അധികൃതരോട് നിർദ്ദേശിച്ചിരുന്നു. പലയിടത്തും വായനശാലകൾ, ക്ലബുകൾ എന്നിവ കേന്ദ്രീകരിച്ച് ക്ലാസുകൾ നടന്നു. ചില സ്കൂളിൽ അദ്ധ്യാപകർ സ്കൂളുകളിലെത്തി കുട്ടികളുമായി ആശയവിനിമയം നടത്തി. ഓൺലൈൻ സൗകര്യം ഇനിയും ലഭിച്ചിട്ടില്ലാത്ത കുട്ടികൾക്ക് സൗകര്യമൊരുക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്നത്തെ ടൈംടേബിൽ
പ്ലസ് ടു: രാവിലെ 8.30ന് ബോട്ടണി, 9ന് അക്കൗണ്ടൻസി, 9.30ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, 10ന് ഹിസ്റ്ററി
10ാം ക്ലാസ്: 11ന് രസതന്ത്രം, 11.30ന് ഇംഗ്ലീഷ്, 12 ന് സാമൂഹ്യശാസ്ത്രം
ഒന്നാം ക്ലാസ്: 10.30ന് പൊതുവിഷയം
രണ്ടാം ക്ലാസ്: 12.30ന് സന്നദ്ധതാപ്രവർത്തനം
മൂന്നാം ക്ലാസ്: ഒരു മണിക്ക് ഗണിതശാസ്ത്രം
നാലാം ക്ലാസ്: 1.30ന് മലയാളം
അഞ്ചാം ക്ലാസ്: 2ന് അടിസ്ഥാന ശാസ്ത്രം
ആറാം ക്ലാസ്: 2.30ന് ഹിന്ദി
ഏഴാം ക്ലാസ്: 3ന് അടിസ്ഥാനശാസ്ത്രം
എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ജീവശാസ്ത്രം. 4 ന് സാമൂഹ്യശാസ്ത്രം
ഒമ്പതാം ക്ലാസ്: 4.30ന് ബയോളജി. 5ന് സാമൂഹ്യശാസ്ത്രം
പുന:സംപ്രേഷണം
പ്ലസ് ടു ക്ലാസിലെ നാലു വിഷയങ്ങളും ഇന്നു രാത്രി 7 മുതലും 10ാം ക്ലാസിലെ മൂന്നു വിഷയങ്ങൾ വൈകിട്ട് 5.30 മുതലും പുനഃസംപ്രേഷണം ചെയ്യും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ച.
ടിവിയില്ലാത്ത വീടുകളിലെ
കുട്ടികൾക്ക് അയൽപക്ക
പഠനകേന്ദ്രം
*ചെലവിന്റെ 75 % കെ.എസ്.എഫ്.ഇ സബ്സിഡി
തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിന് ടെലിവിഷനില്ലാത്ത വീടുകളിലെ കുട്ടികൾക്ക് അയൽപക്ക പഠനകേന്ദ്രം സ്ഥാപിക്കും.ഇതിനുള്ള ചെലവിന്റെ 75 ശതമാനം കെ.എസ്.എഫ്.ഇ സബ്സിഡിയായി നൽകും.
ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിൽ നിന്നാണ് ഇതിന് പണം കണ്ടെത്തുന്നത്. ശേഷിക്കുന്ന 25 ശതമാനം തുകയും, പഠനകേന്ദ്രമൊരുക്കുന്ന ചെലവും തദ്ദേശ സ്ഥാപനങ്ങളോ സ്പോൺസർമാരോ വഴി കണ്ടെത്തണം.
കുടുംബശ്രീ വഴി
ലാപ്ടോപ്പ്
കുടുംബശ്രീ വഴി കുട്ടികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ കെ.എസ്.എഫ്.ഇ പദ്ധതി രൂപീകരിക്കും. കെ.എസ്.എഫ്.ഇയുടെ മൈക്രോ ചിട്ടികളിൽ ചേരുന്ന കുടുംബശ്രീ യൂണിറ്റുകൾക്കാണ് ഇതിന് അർഹത.
ഹൈടെക് പദ്ധതിയുടെ ഭാഗമായി തയാറാക്കിയ 1,20,000 ലാപ് ടോപ്പുകൾ, 7000 പ്രോജക്ടറുകൾ, 4455 ടെലിവിഷനുകൾ തുടങ്ങിയവ സൗകര്യമില്ലാത്തിടത്ത് ഉപയോഗിക്കും. ഇന്നലെ ക്ലാസുകൾ നഷ്ടപ്പെട്ട വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടെന്നും ആദ്യ ആഴ്ചയിൽ ട്രയൽ സംവിധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എട്ടിന് ക്ലാസുകൾ പുന:സംപ്രേഷണം ചെയ്യും.
ഫീസ് നിശ്ചിതസമയത്ത് നൽകാത്തവരിൽ നിന്ന്പിഴയീടാക്കാൻ സ്കൂൾ മാനേജ്മെന്റുകൾ നിശ്ചയിച്ചതായുള്ള പരാതികളെക്കുറിച്ച് ചോദിച്ചപ്പോൾ, അത്തരം കാര്യങ്ങളോട് യോജിപ്പില്ലെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ വിദ്യാഭ്യാസവകുപ്പിനോട് നിർദ്ദേശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.