വാഷിംഗ്ടൺ: കറുത്തവർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പൊലീസുകാരൻ കഴുത്തു ഞെരിച്ചു കൊന്നതിനെത്തുടർന്നുണ്ടായ കലാപം അമേരിക്കയിൽ രൂക്ഷമാകുന്നു. ആറു സംസ്ഥാനങ്ങളിലെ ഇരുപത്തിയഞ്ച് നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് നേരെ റബ്ബർ ബുള്ളറ്റും ടിയർ ഗ്യാസും പ്രയോഗിച്ചു.
പ്രക്ഷോഭക്കാർ പൊലീസ് ജീപ്പ് കത്തിച്ചു. അനവധി പ്രതിഷേധക്കാർക്കും പൊലീസുകാർക്കും മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു. പ്രക്ഷോഭത്തെ അടിച്ചൊതുക്കാൻ പൊലീസ് തെരുവ് നായാട്ടം നടത്തുമ്പോൾ പൊലീസിനെതിരെ പലയിടത്തും കടുത്ത ആക്രമണം തുടരുകയാണ്. ലാത്തിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന വീറോടെയാണ് പ്രതിഷേധക്കാർ മുന്നേറുന്നത്.
പല സംസ്ഥാനങ്ങളിലും നാഷണൽ ഗാർഡ് എന്ന സൈനിക വിഭാഗത്തെ ഗവർണർമാർ വിളിച്ചു വരുത്തി. പലയിടത്തും പ്രതിഷേധത്തിന്റെ മുൻനിരയിൽ വെളുത്ത വർഗക്കാരുണ്ടെങ്കിലും പ്രതിഷേധം വംശീയ കലാപമായി മാറുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച ജോർജ്ഫ്‌ളോയിഡിനെ പൊലീസുകാരൻ കാൽമുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന മിനിസോട്ടയിൽ ക്രമസമാധാന ചുമതല നാഷണൽ ഗാർഡ് ഏറ്റെടുത്തു.
അറ്റ്ലാന്റ, ലോസ് ഏയ്ഞ്ചലസ്, ലൂയിസ്വില്ലെ, കൊളംമ്പിയ, ഡെൻവർ, പോർട്ട്ലാൻഡ്, മിൽവൗക്കീ, കൊളംമ്ബസ്, മിന്നെപോളിസ്, സാൻഡിയാഗോ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധം അതീവരൂക്ഷമാണ്.. ഈ നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ന്യൂയോർക്ക്, ന്യൂ കരോലിന, ഒക്ലഹോമ തുടങ്ങിയ നഗരങ്ങളിലും പൊലീസും പ്രതിഷേധക്കാരും നിരവധി തവണ ഏറ്റുമുട്ടി.