pic

തിരുവനന്തപുരം : ട്രെയിൻ സർവീസ് ആരംഭിച്ച ശേഷം 14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാർ. ഇതിൽ 2,059 പേരെത്തിയത് ന്യൂ ഡൽഹിയിൽ നിന്നാണ്. ഇക്കഴിഞ്ഞ 15ന് ന്യൂ ഡൽഹിയിൽ നിന്നാണ് യാത്രക്കാരുമായി ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. തുടർന്ന് വിവിധ ദിവസങ്ങളിലായി ജലന്ധർ, ജയ്പൂർ, മുംബൈ, ബംഗളൂരു, രാജ്ഘോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനുകളും ജില്ലയിലെത്തി. ഇന്ന് ബീഹാറിലെ പൂർണയിൽ നിന്നും 54 യാത്രക്കാരുമായി ട്രെയിനെത്തി. അതിഥി തൊഴിലാളികൾ ഉൾപ്പെടെ 7,515 യാത്രക്കാർ ഇതുവരെ തിരുവനന്തപുരത്തു നിന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്രതിരിച്ചു.


യാത്രക്കാരെ സ്വീകരിക്കുന്നതിനും ആരോഗ്യ പരിശോധനക്കും വിപുലമായ സംവിധാനമാണ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയത്. പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ച് ജില്ലയിലെത്തിയ മുഴുവൻ യാത്രക്കാരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി. രോഗലക്ഷണങ്ങൾ ഉള്ളവർ, രോഗബാധയുള്ളവരുമായി ഇടപെട്ടവർ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ ബന്ധപ്പെട്ട ജില്ലകളിലെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയച്ചു. ഗർഭിണികൾ, മുതിർന്നവർ തുടങ്ങിയവരെ വീട്ടുനീരീക്ഷണത്തിലേക്ക് അയച്ചു.ഓരോ ജില്ലയിലേക്ക് പോകേണ്ടവരെയും തരംതിരിച്ച് വ്യത്യസ്ത കവാടങ്ങളിലൂടെ സാമൂഹ്യ അകലം പാലിച്ചാണ് റെയിൽവെ സ്റ്റേഷന് പുറത്തിറക്കിയത്. ഇതര ജില്ലകളിലേക്ക് പോകുന്നവർക്ക് കെ.എസ്.ആർ.ടി.സി ബസ് സൗകര്യമൊരുക്കി. തിരുവനന്തപുരം ആർ.ഡി.ഒ ജോൺ സാമുവലിനാണ് റെയിൽവേ സ്റ്റേഷനിലെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.