കൊച്ചി : കൂടുതൽ ഇളവുകളുമായി അഞ്ചാംഘട്ട ലോക്ക്‌ഡൗൺ ആരംഭിച്ചതോടെ നഗരത്തിന്റെ മുക്കിലും മൂലയിലും ഗതാഗതകുരുക്ക്. വെെറ്റില, പാലാരിവട്ടം, കടവന്ത്ര, മേനക, എം ജി റോഡ്,കച്ചേരിപ്പടി എന്നിവിടങ്ങളിലാണ് ഗതാഗതകുരുക്ക് രൂക്ഷം. കടവന്ത്ര മുതൽ പള്ളിമുക്ക് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഭൂരിഭാഗം ആളുകളും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതാണ് ഗതാഗത കുരുക്കിന്റെ പ്രധാന കാരണം. ഇരുചക്രവാഹനങ്ങളാണ് നിരത്തിൽ കൂടുതലാണ്.കൊവിഡ് പശ്ചാത്തലത്തിൽ പൊതുഗതാഗതം ഉപയോഗിക്കാൻ മടിക്കുന്നവർ ഇരുചക്രവാഹനങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്.കൊവിഡ് ഭീതി തുടരുമ്പോഴും ജനജീവിതം ഉഷാറാവുകയാണ്. എന്നാൽ ജൂൺ എട്ട് മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നതോടെ നിയന്ത്രണങ്ങൾ താറുമാറാക്കുമോ എന്ന ആശങ്ക ജില്ലാ ഭരണകൂടത്തിനുണ്ട്.
മാർക്കറ്റുകൾ സജീവം
എറണാകുളം മാർക്കറ്റും ബ്രോഡ് വേയും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുകയാണ്. രാവിലെ മുതൽ അനുഭവപ്പെട്ട തിരക്ക് വെെകുന്നേരവും തുടർന്നു. ബ്രോഡ് വേയിലെ ഒട്ടുമിക്ക കടകളും തുറന്ന് പ്രവർത്തിച്ചു. തിരക്കുണ്ടെങ്കിലും കച്ചവടം മോശമാണെന്നാണ് വ്യാപാരികൾ പറയുന്നത്.പച്ചക്കറികളും പഴവർഗങ്ങളും ആവശ്യത്തിനുണ്ട്. എങ്കിലും ദിവസത്തിൽ 2000 രൂപയുടെ വിറ്റുവരവു പോലും നടക്കുന്നില്ല. ഇങ്ങനെ തുടർന്നാൽ കച്ചവടം വൻ നഷ്ടത്തിലാകുമെന്നും പച്ചക്കറിക്കടക്കാരൻ സുരേന്ദ്രൻ പറഞ്ഞു.
തിരക്കിലും മുൻകരുതൽ
നീണ്ട ലോക്ക്ഡൗൺ കാലയളവിന് ശേഷം ജനങ്ങൾ പുറത്തിറങ്ങിയെങ്കിലും മുൻ കരുതലുകൾ ആരും മറന്നിട്ടില്ല. മാസ്ക് ധരിച്ചാണ് എല്ലാവരുടെയും യാത്ര. തിക്കിനും തിരക്കിനിടയിലും സാമൂഹ്യ അകലം പാലിക്കുകയാണ് ജനങ്ങൾ.
പൊതു ഗതാഗതം പൂർവ സ്ഥിതിയിലേക്ക്
നാലാംഘട്ട ലോക്ക്ഡൗൺ കാലയളവിൽ തന്നെ നിയന്ത്രണങ്ങളോടെ പൊതുഗതാഗത ആരംഭിച്ചിരുന്നു. എന്നാൽ കൂടുതൽ ബസുകൾ നിരത്തിലിറങ്ങിയതോടെ ചില സ്വകാര്യ ബസുകൾ സാമൂഹ്യ അകലം പാലിക്കാതെ കൂടുതൽ ആളുകളെ കയറ്റുന്നുണ്ട്. ജില്ലയിൽ ഇന്ന് 85 ശതമാനം പ്രെെവറ്റ് ബസുകളും സർവീസ് നടത്തി. സർവ്വീസ് നടത്താത്തിരുന്ന 15 ശതമാനം ബസുകളും അന്തർജില്ലാ സർവീസ് നടത്തുന്നവയാണെന്ന് കേരള സ്റ്റേറ്റ് പ്രെെവറ്റ് ബസ് ഓപ്പററ്റേഴസ് പ്രസിഡന്റ് എൻ ബി സത്യൻ പറഞ്ഞു. 197 കെ.എസ്.ആർ.ടി.സി ബസുകളാണ് ജില്ലയിൽ ഇന്ന് സർവീസ് നടത്തിയത്.