വെള്ളറട: പാറശാല നിയോജകണ്ഡലത്തിൽ സൂര്യകാന്തി ഇ - ലേ‌ർണിംഗ് പദ്ധതിക്ക് തുടക്കമായി. കൊവിഡ് 19 കാരണം വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് വീടുകളിലിരുന്ന് ഓൺലൈൻ വഴി പഠിക്കുന്നതിനായി ഇ - ലേർണിംഗ് പദ്ധതിക്ക് തുടക്കമിട്ടത്. മണ്ഡലത്തിലെ ഗ്രന്ഥശാലകൾ,​ സാംസ്കാരിക കേന്ദ്രങ്ങൾ,​ കമ്മ്യൂണിറ്രി ഹാളുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇ- ലേർണിംഗ് സെന്ററുകൾ ആരംഭിക്കുന്നതെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു. പ്രാദേശിക തലത്തിൽ കേബിൾ ഓപ്പറേറ്ററുമാരുമായി സഹകരിച്ച് സൗജന്യ കേബിൾ കണക്ഷൻ ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മണ്ഡലത്തിൽ പാറശാല,​ കുന്നത്തുകാൽ,​ പെരുങ്കടവിള,​ അമ്പൂരി,​ എന്നീ മേഖലകളിൽ പ്രഥമ അദ്ധ്യാപകർ,​ കേബിൾ ഓപ്പറേറ്റർമാർ,​ വൈദ്യുതി വകുപ്പ് ജീവനക്കാർ,​ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ​ എന്നിവരുടെ സംയുക്ത യോഗം ചേർന്ന് രൂപ രേഖ തയ്യാറാക്കി. ഓരോ പഞ്ചായത്തിലെയും പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ പഠിക തയ്യാറാക്കി സൗകര്യങ്ങൾ ലഭ്യാമാക്കുന്നതിന് പഞ്ചായത്ത് തലത്തിൽ കമ്മിറ്രികൾക്ക് രൂപം നൽകി. ടെലിവിഷൻ സൗകര്യമില്ലാത്ത ഗ്രന്ഥശാലകളിൽ സ്പോൺസർമാരുടെ സഹായത്തോടെ ടെലിവിഷൻ ലഭ്യമാക്കുന്നതിനും നടപടികൾ തുടങ്ങി. ക്ളാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ തന്നെ ക്ളാസുകളുടെ വീഡിയോ ഡൗൺലോഡ് ചെയ്ത് വരും ദിവസങ്ങളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും കാണുന്നതിനുള്ള സൗകര്യവും ഒരുക്കുമെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.