ആറ്റിങ്ങൽ: ആളും ആരവവും ഇല്ലാത്ത പ്രവേശനോത്സവത്തോടെ സ്കൂളുകൾ തുറന്നു. വിദ്യാർത്ഥികൾ ഇല്ലാതെ അദ്ധ്യാപകരും കുറച്ച് രക്ഷിതാക്കളുമാണ് ആറ്റിങ്ങൽ മേഖലയിലെ സ്കൂളുകളിലെത്തിയത്. സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുതിയ അഡ്മിഷൻ കുറവായിരുന്നു. ഒന്നാം ക്ലാസ്, അഞ്ചാം ക്ലാസ്, എട്ടാം ക്ലാസ് എന്നിവയിലാണ് സാധാരണ ഓരോ വർഷവും അഡ്മിഷൻ നടക്കുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷം 360 അഡ്മിഷൻ നടന്ന അവനവഞ്ചേരി എച്ച്.എസിൽ ഇക്കുറി അതിന്റെ പകുതിയാണ് നടന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അഡ്മിഷൻ നടക്കുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകർ. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി അദ്ധ്യാപകർ ഓൺ ലൈൻ പഠന ക്രമങ്ങളെക്കുറിച്ചും വിക്ടേഴ്സ് ചാനലിലെ ക്ലാസുകളുടെ സമയവും വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. കൂടാതെ ക്ലാസുകൾ നടക്കുന്ന സമയത്ത് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അദ്ധ്യാപകർ വീടുകളിൽ എത്തി വിദ്യാർത്ഥികൾ ക്ലാസ് കാണുന്നുണ്ടെന്നും ഉറപ്പിച്ചു. വീട്ടുകാരുമായി പഠന കാര്യങ്ങളുടെ പുതുരീതികൾ ചർച്ചചെയ്തു. ക്ലാസുകൾ കാണാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പകരം സംവിധാനം തദ്ദേശ സ്ഥാപനങ്ങളുമായി ചർച്ചചെയ്ത് ഒരുക്കുമെന്ന് അദ്ധ്യാപകർ രക്ഷിതാക്കൾക്ക് ഉറപ്പു നൽകി. ആറ്റിങ്ങൽ മേഖലയിൽ ഉൾഗ്രാമങ്ങളിലെ പത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾക്കുള്ള സൗകര്യമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ കേട്ട് വിദ്യാർത്ഥികൾക്ക് സംശയനിവാരണത്തിന് രാത്രി 7 മുതൽ ഒരു മണിക്കൂർ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പു വഴി സൗകര്യം ക്രമപ്പെടുത്തിയതായി അവനവഞ്ചേരി ഹൈസ്കൂൾ അദ്ധ്യാപകർ പറഞ്ഞു.