tower-of-pisa

റോം: കൊവിഡ് വൈറസ് ലോക്ക്ഡൗണിനെ തുടർന്ന് മൂന്ന് മാസമായി അടഞ്ഞു കിടന്ന ഇറ്റലിയിലെ വിഖ്യാതമായ പിസയിലെ ചരിഞ്ഞ ഗോപുരം വീണ്ടും സഞ്ചാരികൾക്കായി തുറന്നു. സാധാരണ പ്രതിവർഷം 15 ദശലക്ഷത്തോളം ടൂറിസ്റ്റുകളെത്തിയിരുന്ന ചരിഞ്ഞ ഗോപുരത്തിലേക്ക് ഇപ്പോൾ ഒരു സമയം 15 പേർക്ക് മാത്രമേ പ്രവേശനമുള്ളു.

എല്ലാവർക്കും ഫേസ്മാസ്ക് കർശനമാണ്. സാമൂഹ്യ അകലം ഉറപ്പാക്കാൻ എല്ലാവർക്കും ഒരു ഇലക്ടോണിക് ഉപകരണവും നൽകും. ഒരു മീറ്റർ പരിധി ലംഘിച്ച് ആളുകൾ അടുക്കാൻ ശ്രമിച്ചാൽ ഈ ഉപകരണത്തിൽ നിന്നുള്ള സിഗ്നലുകളും ശബ്ദവും അധികൃതരിലേക്കെത്തും. 1173ലാണ് പിസയിലെ ഗോപുരത്തിന്റെ നിർമാണം ആരംഭിച്ചത്.

പിസയിലെ ഗോപുരത്തിന് പുറമേ മിലാൻ കത്തീഡ്രലും തുറന്നു. മൂന്ന് മാസം കർശനമായ ലോക്ക്ഡൗണിൽ കഴി‌ഞ്ഞ ഇറ്റലിയിൽ ഇപ്പോൾ എല്ലാ മേഖലകളിലും ഇളവുകൾ നൽകി വരികയാണ്. മരണ നിരക്കും രോഗികളുടെ എണ്ണവും കുത്തനെ കുറഞ്ഞതിനാലാണിത്. രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇറ്റലിയ്ക്ക്. ഇതേവരെ 232,997 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,415 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേർക്കാണ് ഇറ്റലിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 75 മരണമാണ് റിപ്പോർട്ട് ചെയ്തത്.