el-salvador

സാൻ സാൽവഡോർ: എൽ സാൽവഡോറിൽ അമാൻഡ കൊടുക്കാറ്റ് വീശിയടിച്ചതിനെ തുടർന്നുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 14 മരണം. കൊടുക്കാറ്റ് വൻ നാശം വിതച്ചതോടെ പ്രസിഡന്റ് നയീബ് ബുക്കേലെ രാജ്യത്ത് 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

200 മില്യൺ ഡോളറിന്റെ നാശനഷ്ടങ്ങൾ എൽ സാൽവഡോറിൽ അമാൻഡ കൊടുക്കാറ്റ് വിതച്ചതായി നയീബ് പറഞ്ഞു. നിരവധി വീടുകൾ തകർന്നു. ആയിരക്കണക്കിന് പേരെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് മാറ്റി. പസഫിക് മേഖലയിൽ ഈ സീസണിൽ വീശിയടിക്കുന്ന പേരോടു കൂടിയ ആദ്യത്തെ കൊടുക്കാറ്റാണ് അമാൻഡ.

ഗ്വാട്ടിമാലയുടെ വടക്കോട്ട് നീങ്ങുമ്പോൾ അമാൻഡ കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. എന്നാൽ ഗൾഫ് ഒഫ് മെക്സിക്കോയിലേക്ക് നീങ്ങുമ്പോൾ അമാൻഡ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. എൽ സാൽവഡോറിന്റെ തലസ്ഥാനമായ സാൻ സാൽവഡോറിൽ മാത്രം 7 പേരാണ് മരിച്ചത്.

4,000 പേരെ മാറ്റിപ്പാർപ്പിച്ചു. സാൻ ജുവാൻ ഒപികോയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 6.5 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന മദ്ധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിൽ ഇതേവരെ 2,582 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 46 പേർ മരിച്ചു.