കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്ത് കൊവിഡ് മുക്തമെന്ന് പ്രസിഡന്റ് കെ. തമ്പി പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച ആംബുലൻസ് ഡ്രൈവറുടെ രണ്ടും മൂന്നും ഫലങ്ങൾ നെഗറ്റീവായതോടെ ഇന്നലെ ആശുപത്രിയിൽ നിന്നും ഇയാളെ വിട്ടയച്ചു. ഇയാളുമായി സമ്പർക്കം പുലർത്തിയ 70 ഓളം പേരുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതിൽ എല്ലാവരുടെയും ഫലങ്ങൾ നെഗറ്റീവാണ്. നാവായിക്കുളം പഞ്ചായത്തിലെ വാർഡുകളെ ഹോട്ട് സ്‌പോട്ടിൽ നിന്നൊഴിവാക്കാനായി ജില്ലാ കലക്ടർക്ക് കത്തയച്ചു. നാവായിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും ആരും ആശങ്കപ്പെടെണ്ടതില്ലെന്നും പ്രസിഡന്റ് പറഞ്ഞു.