general

ബാലരാമപുരം: ലോക സൈക്കിൾ ദിനത്തിൽ പുതിയൊരു ഗിന്നസ് റെക്കാഡിടാൻ ഒരുങ്ങുകയാണ് ഗിന്നസ് കുമാർ എന്ന കുമാർ. ബാക്ക് വേഡ് ബ്രെയിൻ സൈക്കിളിലും,​ പെന്നിഫാർത്തിംഗ് സൈക്കിളിലും കൈകൾ നേരായ ദിശയിലും വിപരീത ദിശയിലും കറക്കി ഗന്നസ് റെക്കാഡിട്ട ഈ 47കാരന്റെ ലക്ഷ്യം കണ്ണ് മറയുന്ന രീതിയിലുള്ള മാസ്ക് ധരിച്ച് ബാക്ക്‌ വേഡ് സൈക്കിളിൽ സവാരി നടത്തി പുതിയ റെക്കാഡ് നേടാനാണ്. ബാക്ക് വേഡ് ബ്രെയിൽ സൈക്കിളിൽ ഇത്തരത്തിൽ ഒന്ന് ഇതുവരെ ആരും പ്രതീക്ഷിച്ചിട്ടില്ല. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിയായ ഗിന്നസ് കുമാറിന്റെ പേരിൽ ഗിന്നസ് റെക്കാഡ് ഉൾപ്പെടെ 9 വ്യത്യസ്ത ലോക റെക്കാഡുകളും നിലവിലുണ്ട്. കണ്ണമ്മൂല നികുഞ്ചം ടവേഴ്സിലാണ് കുമാറും കുടുംബവും താമസിക്കുന്നത്. ഫിസിയോ തെറാപ്പിസ്റ്റായ ഇദ്ദേഹം ഫാമിലി ഹെൽത്ത് കെയർ ആൻഡ് ക്യൂവറിലെ പ്രോജക്ട് മാനേജരാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളും ലോകറെക്കാഡ് പട്ടികയിൽ ഇടം നേടിയവരാണെന്ന അപൂർവ ബഹുമതിയും ഗിന്നസ് കുമാറിന്റെ കുടുംബത്തിനുണ്ട്. കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിലെ ഡയറ്റീഷ്യനാ വിജയലക്ഷ്മി 60 സെക്കൻഡിൽ 165 പ്രാവശ്യം കൈകൾ നേരായ ദിശയിലും വിപരീത ദിശയിലും കറക്കി ഇൻക്രഡിബിൾ ബുക്ക് ഒഫ് റെക്കാഡിൽ ആദ്യം ലോകറെക്കാഡ് കരസ്ഥമാക്കിയിരുന്നു. പട്ടം ആര്യ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളായ കുമാറിന്റെ മക്കളുടെ പേരിലും റെക്കാഡുകളുണ്ട്. ഒൻപതാം ക്ളാസുകാരിയായ വി.കെ. കാർത്തിക 60 സെക്കൻഡിൽ 89 പ്രാവശ്യം കൈകൾ ഇരുദിശയിലും കറക്കി ലോകറെക്കാഡിട്ടു. ഇളയമകളായ വി.കെ. ദേവിക നാല് വയസുള്ളപ്പോൾ സ്കൂളിലെ ഓണാഘോഷത്തിൽ കഥകളി അവതരിപ്പിച്ച് ലോകറെക്കാഡിട്ടതോടെ കുടുംബത്തിലെ എല്ലാ പേർക്കും ലോക റെക്കാഡ് നേടിയെന്ന ഖ്യാതി കുമാറിന്റെ കുടുംബത്തിന് ലഭിച്ചു. കൊവിഡ് മഹാമാരിയെ ചെറുക്കാൻ ആരോഗ്യപരിപാലനം ഏവരുടെയും കടമയെന്നിരിക്കെ എല്ലാ ദിവസവും സൈക്കിളിംഗ് പരിശീലിക്കാനും ആരോഗ്യം നിലനിറുത്താനും ഏവരും മുന്നോട്ടുവരണമെന്നാണ് ലോക സൈക്കിൾ ദിനത്തിൽ ഗിന്നസ് കുമാർ നൽകുന്ന സന്ദേശം.

ബാക്ക് വേഡ് ബ്രെയിൻ സൈക്കിൾ

ഹാൻഡിൽ ഇടത്തേക്ക് തിരിച്ചാൽ ചക്രം വലത്തേക്കും ഹാൻഡിൽ വലത്തേക്ക് തിരിച്ചാൽ ചക്രം ഇടത്തേക്കും തിരിയുന്നതാണ് ബാക്ക് വേഡ് ബ്രെയിൻ സൈക്കിളിന്റെ പ്രത്യേകത. കൃത്യമായ പരിശീലനവും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ ഈ സൈക്കിളിൽ സവാരി ചെയ്യാൻ കഴിയൂ.

പെന്നി ഫാർത്തിംഗ് സൈക്കിൾ

മുന്നിലെ വീൽ വലുതും പിന്നിലെ വീൽ ചെറുതുമാണെന്നതാണ് പെന്നി ഫാർത്തിംഗ് സൈക്കിളിന്റെ പ്രത്യേകത. കാൽ നിലം തൊടാനാകാത്തവിധം പൊക്കത്തിലാണ് സൈക്കിൾ രൂപകല്പ്ന ചെയ്തിരിക്കുന്നത്. സാധാരണ സൈക്കിൾ പോലെ വീലിന്റെ നടുവിലല്ല ഇതിന്റെ ചെയിൻ കാണാൻകഴിയുക. മുൻ ഭാഗത്തെ വീലിൽ മാത്രമാണ് ചെയിൻ ഉണ്ടാവുക. പരിശീലന വൈദഗ്ദ്ധ്യം നേടിയവർക്ക് മാത്രമേ ഇതിൽ സഞ്ചാരം സാദ്ധ്യമാകൂ.

 ബാക്ക് വേഡ് ബ്രെയിൻ സൈക്കിളിൽ കാൽ നിലം തൊടാതെ കുമാർ താണ്ടിയത് 7.89 കിലോമീറ്റർ

 പെന്നി ഫാർത്തിംഗ് സൈക്കിളിൽ കുമാർ പിന്നിട്ടത് 12.8 കിലോമീറ്റർ