photo

പാലോട്: ഇരുപത് വർഷത്തോളമായി പാലോട് ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സ്വീപ്പറായിരുന്ന സുഭദ്ര അമ്മ പടിയിറങ്ങി. പൊലീസ് ഉദ്യോഗസ്ഥർക്ക് ചായയും ഉച്ചഭക്ഷണവും ഒക്കെ എത്തിച്ച് നൽകിയിരുന്ന എഴുപതുകാരി എല്ലാവർക്കും സ്വന്തം അമ്മ തന്നെയായിരുന്നു. പഴയതുപോലെ ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് മനസിലാക്കി ഇനിയുള്ള കാലം ആരുടെ മുന്നിലും കൈ നീട്ടേണ്ടിവരരുതെന്ന ആഗ്രഹത്തോടെ വ്യാപാരി വ്യവസായി നന്ദിയോട്, പാലോട് യൂണിറ്റുകളുടെ സഹായത്തോടെ കച്ചവട സാധനങ്ങളും അവ വിൽക്കാനുള്ള നാലുചക്രത്തിലുള്ള ഉന്തുവണ്ടിയും നൽകിയാണ് യാത്രയാക്കിയത്. ഇടയ്ക്ക് സ്റ്റേഷനിലേക്ക് എത്തണമെന്ന ഉദ്യോഗസ്ഥരുടെ വാക്കുകൾക്ക് നിറപുഞ്ചിരി സമ്മാനിച്ചാണ് സുഭദ്ര അമ്മ യാത്ര പറഞ്ഞത്. പാലോട് സി.ഐ സി.കെ. മനോജ്, എസ്.ഐ സതീഷ് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി നന്ദിയോട് യൂണിറ്റ് പ്രസിഡന്റ് പുലിയൂർ രാജൻ, പാലോട് യൂണിറ്റ് പ്രസിഡന്റ് എച്ച്. അഷ്റഫ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അമ്മയ്ക്ക് സ്നേഹോപഹാരം സമ്മാനിച്ചു.