തിരുവനന്തപുരം: ബാബ്റി മസ്ജിദ് തകർക്കുന്ന ചിത്രവുമായി തന്റെ ഫോട്ടോ എഡിറ്റുചെയ്തു ചേർത്ത് ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നുകാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ എം.എൽ.എ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ആർ.ജെ. സലിം എന്ന അക്കൗണ്ടിലൂടെയാണ് പോസ്റ്റ്. ബാബ്റി മസ്ജിദ് പൊളിക്കുന്ന ചിത്രത്തോടൊപ്പം തന്റെ മുഖം ചേർത്തത് ദുരുദ്ദേശ്യത്തോടെയും അപകീർത്തിപ്പെടുത്താനുമാണ്. വർഗീയത വളർത്തുന്ന ഇത്തരം പോസ്റ്റുകൾ ഗുരുതരമായി കാണണം. വികലമായ അടിക്കുറിപ്പ് നൽകി അപകീർത്തികരമായ പോസ്റ്റ് പ്രസിദ്ധീകരിച്ച ആർ.ജെ. സലിം എന്ന അക്കൗണ്ട് ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു.