പൂവച്ചൽ: രക്ഷിതാക്കളുടെ കൈപിടിച്ച് പുത്തനുടുപ്പും പുത്തൻ ബാഗുമായി കരഞ്ഞും ചിരിച്ചും വിദ്യാലയത്തിന്റെ പടി ചവിട്ടിയെത്തുന്ന കുഞ്ഞുങ്ങളുടെ പതിവ് കാഴ്ചകൾ ഇക്കുറിയുണ്ടായില്ല. എന്നാൽ വീടുകൾ വിദ്യാലയങ്ങലാക്കി വിക്ടേഴ്സ് ചാനലിലൂടെ കുട്ടികൾ പാഠഭാഗങ്ങൾ പഠിച്ചുതുടങ്ങിയപ്പോൾ ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ച് പൂവച്ചൽ ഗവ.യു.പി സ്കൂളും ഒപ്പംനിന്നു. പ്രവേശനോത്സവം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.ഒ.ഷാജി അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ സ്റ്റുവർട്ട് ഹാരീസ് ഓൺ ലൈൻ പഠനത്തക്കുറിച്ചും അതിനായി വിദ്യാലയം ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് എസ്.ഗീത, സ്റ്റാഫ് സെക്രട്ടറി അരുൺകുമാർ, പൂവച്ചൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, കാട്ടാക്കട എ.ഇ.ഒ ഉദയകുമാർ, ബി.പി.ഒ ജയചന്ദ്രൻ,എസ്.എം.സി ചെയർമാൻ നാസറുദീൻ, മദർ പി.ടി.എ ചെയർപേഴ്സൺ പ്രവീണ, സീനിയർ അസിസ്റ്റന്റ് ജി.ലതകുമാരി ബഷീർ എന്നിവർ സംസാരിച്ചു. ഓൺലൈൻ പഠനത്തിന് തയ്യാറാക്കിയ ക്ലാസ് തല വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചത്. കിളിമൊഴി എന്ന സ്കൂൾ ആകാശവാണിയിലൂടെ പൊതുജനങ്ങൾക്ക് പരിപാടികൾ കേൾക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.