lake

ഇൗവർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം ജൈവ വൈവിദ്ധ്യമാണ്. ലോകമാകമാനം കൊറോണയുടെ ദിനങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇൗ വിഷയം തിരഞ്ഞെടുത്തത് ഏറ്റവും ഉചിതമാണെന്ന് കാണാം. ഭൂമിയുടെ ആരോഗ്യവും മനുഷ്യന്റെ ആരോഗ്യവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കൊറോണ പോലുള്ള രോഗങ്ങൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ധാരാളം രോഗങ്ങളിലൊന്നാണെന്നതും ഇൗ പ്രമേയത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു.

നാലായിരത്തഞ്ഞൂറുകോടി വർഷംപഴക്കമുള്ള ഭൂമിയിൽ ജീവൻ അങ്കുരിച്ചത് നാനൂറ്റമ്പതുകോടിവർഷം മുമ്പാണെങ്കിലും വെറും മൂന്നുലക്ഷം വർഷം മുമ്പുമാത്രം ഭൂമുഖത്തുവന്ന മനുഷ്യൻ സകല ചരാചരങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തതുമുതലാണ് ജൈവവൈവിദ്ധ്യശോഷണം തുടങ്ങിയതെന്നു വേണമെങ്കിൽ പറയാം. ഇന്ന് ലോകത്ത് എൺപത് ലക്ഷത്തിലധികം സസ്യ-ജന്തു-സൂക്ഷ്മജീവി സ്പീഷീസുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ രണ്ടര ലക്ഷത്തോളം വരും സസ്യജാലങ്ങൾ. ആദിമകാലംതൊട്ടു നോക്കിയാൽ മനുഷ്യൻ ഏഴായിരത്തോളം സ്പീഷീസുകൾ ആഹാരമായി ഉപയോഗിച്ചിരുന്നെങ്കിലും ഇന്നത് ചുരുങ്ങി വെറും മുപ്പതോളം സ്പീഷീസുകളാണ് മുഖ്യാഹാരത്തിലുള്ളത്. ഇതിൽതന്നെ ചോളം, അരി, ഗോതമ്പ് എന്നീ മൂന്ന് വിളകൾ മാത്രമാണിന്ന് ഭക്ഷ്യ ഉൗർജത്തിന്റെ പകുതിയിലധികവും തരുന്നത്.

ഇൗ വസ്തുതകളെല്ലാം മനുഷ്യ ഇടപെടലുകൾ മൂലം ജൈവവൈവിദ്ധ്യശോഷണം ത്വരിതപ്പെട്ടതിന്റെ കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ചെടികളുടെ കാര്യത്തിലെന്നപോലെ ജന്തുജാലങ്ങളുടെ കാര്യത്തിലും സൂക്ഷ്മ ജീവികളുടെ കാര്യത്തിലുമെല്ലാം ഇതേ മാറ്റമുണ്ടായി. ദ്രുതഗതിയിലുള്ള ജീവജാല നഷ്ടപ്പെടലുകൾ പ്രകൃതി നശീകരണവും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവുമായി നോക്കുമ്പോൾ ഭൗമാന്തരീക്ഷ താപനില ഇന്ന് 1.6 ഡിഗ്രി വർദ്ധിച്ചു. സമുദ്രനിരപ്പ് ഇരുപത് സെന്റീമീറ്റർ ഉയർന്നു. കാർബൺ ഡയോക്സൈസ് മുന്നൂറിൽനിന്ന് നാനൂറ്റിപതിനാറു പി.പി.എം ആയി. ഇൗ മാറ്റങ്ങളും ജൈവവൈവിദ്ധ്യശോഷണത്തിനും അതിന്റെ പലായനത്തിനും കാരണമായി. അടുത്ത കാലത്തായി കാണുന്ന കാട്ടുതീ, രോഗകീടാക്രമണങ്ങൾ, എന്നിവയും ഇതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.

നമ്മുടെ സംസ്ഥാനം അടുത്തകാലത്തായി നേരിടുന്ന കാലാവസ്ഥാവ്യതിയാന പ്രതിഭാസങ്ങളായ വെള്ളപ്പൊക്കം, വരൾച്ച, ഉയർന്ന വേനൽച്ചൂട് എന്നിവയെല്ലാം ജൈവവൈവിദ്ധ്യശോഷണവുമായി ബന്ധപ്പെട്ടതാണ്. വനനശീകരണവും അസുസ്ഥിര വികസന പ്രവർത്തനങ്ങളും സസ്യ-ജന്തു-സൂക്ഷ്മജീവി വൈവിദ്ധ്യത്തെ സാരമായി ബാധിച്ചു. ഒരുകാലത്തുണ്ടായിരുന്ന പതിനേഴായിരം ഹെക്ടർ കണ്ടൽകാടുകൾ ശോഷിച്ച് ഇന്ന് വെറും ആയിരത്തി എഴുന്നൂർ ഹെക്ടർ മാത്രമാണുള്ളത്. വിവിധയിനം സ്പീഷീസുകൾ ഉണ്ടായിരുന്നിടത്ത് ഇന്ന് മുഖ്യമായും ചൂരൽ, പൂക്കൈത, ഒതളം എന്നിവ മാത്രമാണു കാണുന്നത്.

ജൈവവൈവിദ്ധ്യ സംരക്ഷണത്തിനും വിപുലീകരണത്തിനുമുള്ള മാർഗങ്ങളെപ്പറ്റി ചിന്തിക്കുകയും നടപടിയെടുക്കുകയുമാണ് ഇൗ ദിനത്തിൽ ചെയ്യേണ്ടത്. ഒന്നാമതായി സ്വാഭാവിക വനങ്ങളെ അതേപടി നിലനിറുത്തി അവിടെ യാതൊരു മാനുഷിക പ്രവൃത്തികളും അനുവദിക്കാതിരിക്കുകയും അവയുടെ ജലവാഹകശേഷി വർദ്ധിപ്പിക്കുകയും ചെയ്യണം. രണ്ടാമതായി നെൽവയലുകളുടെയും തണ്ണീർ തടങ്ങളുടെയും ജലസ്രോതസുകളായ നാല്പത്തിനാലു നദികൾ, നീരുറവകൾ, കുളങ്ങൾ, തടാകങ്ങൾ, കിണറുകൾ, കനാലുകൾ എന്നിവയുടെയും സംരക്ഷണമാണ്. ജലസ്രോതസുകളുടെ സംഭരണശേഷി വർദ്ധിപ്പിക്കുന്നത് സസ്യ-ജന്തുജാല വൈവിദ്ധ്യം സ്വാഭാവികമായി വർദ്ധിപ്പിക്കും. മൂന്നാമതായി പ്രാധാന്യം നൽകേണ്ടത് മരങ്ങൾ വച്ചുപിടിപ്പിക്കുകയാണ്. ഇതിനായി അതത് ഗ്രാമങ്ങളിൽ പരമ്പരാഗതമായിട്ടുണ്ടായിരുന്ന മാവ്, പ്ളാവ്, മറ്റു ഫലവൃക്ഷങ്ങൾ എന്നിവ കണ്ടെത്തി അവയുടെ തൈകൾ തയ്യാറാക്കി നൽകണം. ഒരാൾ ഒരു തൈ നട്ടാൽ കേരളത്തിൽ മൂന്നുകോടി നാല്പത്തിയെട്ടുലക്ഷം തൈകൾ നടാം. പത്തുവർഷം പ്രായമാകുമ്പോൾ വർഷംതോറും എണ്ണൂറ്റിഎഴുപത് കോടി കിലോ കാർബൺഡയോക്സൈഡ് അന്തരീക്ഷത്തിൽനിന്നും പ്രകാശ സംശ്ളേഷണത്തിനായി വലിച്ചെടുക്കും. നമുക്കാവശ്യമുള്ള പഴങ്ങളും ലഭ്യമാക്കാം. നാലാമതായി പരിസ്ഥിതി സൗഹൃദ കൃഷി പ്രോത്സാഹിപ്പിക്കണം. പരമ്പരാഗത വിത്തിനങ്ങളും പശു, കോഴി തുടങ്ങിയവയുടെ നാടൻ ഇനങ്ങളും വളർത്തുന്ന കർഷകർക്ക് സാമ്പത്തിക പ്രോത്സാഹനം ഉറപ്പാക്കണം. വയനാട്ടിലുള്ള കേളുപയർ, കാസർകോട്ടുള്ള കൂനൻ പീച്ചിൽ, പാലക്കാട്ടുള്ള വിത്തിനശേരി വെണ്ട, തൃശൂരുള്ള പൊട്ടുവെള്ളരി, പത്തനംതിട്ടയുള്ള പുല്ലാട് കപ്പ, തിരുവനന്തപുരത്തുള്ള വ്ളാത്താങ്കര ചീര പോലുള്ള ഒട്ടനേകം പരമ്പരാഗത വിത്തിനങ്ങൾ നമുക്കുണ്ട്. കൂടാതെ ഭൗമസൂചികാ പദവി ലഭിച്ച നവര അരി, പാലക്കാടൻ മട്ട, മലബാർ കുരുമുളക്, പൊക്കാളി അരി, വാഴക്കുളം പൈനാപ്പിൾ, വയനാട് ഗന്ധകശാല അരി, വയനാട് ജീരകശാല അരി, ചെങ്ങാലിക്കോടൻ നേന്ത്രൻ എന്നിവയെല്ലാം പ്രാദേശിക പ്രാധാന്യം നൽകി പ്രചരിപ്പിക്കണം. പശു, കോഴി തുടങ്ങിയ നാടൻ ഇനങ്ങൾ വേറെയും. ഇവയുടെയെല്ലാം 'ജീൻബാങ്ക്" പ്രാദേശികാടിസ്ഥാനത്തിൽ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ വേണം. അതുവഴി അവ ജനങ്ങളിലേക്ക് വ്യാപിപ്പിക്കണം.

നാടൻ ഇനങ്ങളോടൊപ്പം അവയുടെ വന്യബന്ധു സ്പീഷീസുകളെകൂടി സംരക്ഷിക്കാൻ ശ്രദ്ധിക്കണം. അഞ്ചാമതായി ജൈവ വൈവിദ്ധ്യ സംരക്ഷണത്തിനായി ഒാരോ വില്ലേജിലുമുണ്ടായിരുന്ന പരമ്പരാഗത അറിവുകളും പ്രായോഗിക രീതികളും രേഖപ്പെടുത്തിയ പ്രമാണങ്ങൾ 'പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്ററു'മായി ബന്ധപ്പെടുത്തി തയ്യാറാകണം. അതത് പ്രദേശങ്ങളിലുള്ള കാവുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ സംരക്ഷിക്കണം. അതുവഴി തദ്ദേശീയമായ ജൈവവൈവിദ്ധ്യ പൈതൃക ഇടങ്ങളായി ഇവയെ സൂക്ഷിക്കാൻ സാധിക്കും.

അന്തരീക്ഷ താപനില ഇനി രണ്ട് ഡിഗ്രി കൂടി വർദ്ധിച്ചാൽ ഭൂമിയുടെ കരപ്രദേശത്തിന്റെ മൂന്നിലൊന്നും മരുഭൂമിയായി മാറുമെന്നും മനുഷ്യൻതന്നെ അഞ്ഞൂറുമുതൽ ആയിരം വർഷത്തിനകം ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുമെന്നുമുള്ള ശാസ്ത്ര പ്രവചനങ്ങൾ യാഥാർത്ഥ്യമാകാതിരിക്കാൻ ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകാൻ ഇൗ ദിനാഘോഷം കാരണമാകട്ടെ

(ലേഖകൻ സി.ടി.സി.ആർ.ഐ. പ്രിൻസിപ്പൽ സയന്റിസ്റ്റാണ്.

ഫോൺ: 8547441067)

.