hund

തണ്ണിത്തോട്: ഗുരുനാഥൻമണ്ണിൽ കാട്ടു പോത്തിനെയും കേഴമാനെയും വെടിവച്ചു കൊന്ന് ഇറച്ചി വിറ്റ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. തേക്കുതോട് തോപ്പിൽ വീട്ടിൽ പ്രമോദ് (50), മകൻ ബിനു എന്ന പ്രവീൺ (27), ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ തൂമ്പാക്കുളം വിളയിൽ വീട്ടിൽ ബിജു (37), തേക്കുതോട് പറക്കുളം പുത്തൻപുരയ്ക്കൽ വീട്ടിൽ വർഗീസ് (50) എന്നിവരെയാണ് വനപാലകർ പിടികൂടിയത്. വർഗീസിന്റെ വീട്ടിൽ നിന്ന് രണ്ട് നാടൻ താേക്കുകളും പി‌ടിച്ചെടുത്തു. കേസിലെ ഒന്നാം പ്രതി തൂമ്പാക്കുളം മനീഷ് ഭവനിൽ മോഹനനെ കഴിഞ്ഞ 20ന് അറസ്റ്റ് ചെയ്തിരുന്നു. വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. വേണുകുമാർ, ഡെപ്യൂട്ട റേഞ്ച് ഓഫീസർ ആർ. രാജേഷ്, വനപാലകരായ ഷാജി, രാജീവ്, അഭിലാഷ്, നിധിൻ, ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. ലോക് ഡൗൺ കഴിയുന്നതുവരെ ജാമ്യം അനുവദിച്ചു. കേസിൽ നാല് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഏപ്രിൽ 30നായിരുന്നു സംഭവം. മൃഗവേട്ട അറിഞ്ഞിട്ടും തക്കസമയത്ത് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഗുരാനാഥൻമണ്ണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അടക്കം നാല് വനപാകരെ സസ്പെന്റ് ചെയ്തിരുന്നു. രണ്ട് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. മൃഗവേട്ട നടത്തിയവരെ സംരക്ഷിക്കാനും തെളിവുകൾ ഒളിപ്പിക്കാനും അറസ്റ്റിലായ വാച്ചർ ബിജു നേതൃത്വം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നിന്ന് പണം വാങ്ങി നടപടി നേരിട്ട ചില വനപാലകർക്കൊപ്പം ചേർന്ന് കേസ് അട്ടിമറിക്കാൻ ഇയാൾ ശ്രമിച്ചതായും വ്യക്തമായി.