bus

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തർജില്ലാ ബസ് സർവീസ് ഇന്നാരംഭിക്കും. അന്തർ സംസ്ഥാന സർവീസുകളൊഴികെ മറ്റെല്ലാ ബസ് സർവീസുകളും ആരംഭിക്കാൻ ഗതാഗത വകുപ്പ് സമ്മതമറിയിച്ചെങ്കിലും, തത്കാലം തൊട്ടടുത്ത രണ്ട് ജില്ലകളിലേക്കാവും സർവീസ്. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി സർവീസിന് ഒരുക്കം നടത്താൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാം. അതിനാൽ, കൂട്ടിയ ബസ് ചാർജ് പിൻവലിക്കും. സീറ്റിംഗ് കപ്പാസിറ്റി മുഴുവനായി ഉപയോഗിക്കാൻ അനുമതിയുള്ളതിനാൽ ടിക്കറ്റ് നിരക്കിനെപ്പറ്റി സംശയം വരുന്നില്ല. നേരത്തെ വരുത്തിയ വർദ്ധന ഇതോടെ ഇല്ലാതാവും. പഴയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിലാകും. ഇന്നു മുതൽ ഫാസ്റ്റ് പാസഞ്ചർ ബസുകളും സർവീസ് നടത്തും. സൂപ്പർഫാസ്റ്റ്,​ എക്സ്‌പ്രസ് ബസുകളും സർവീസിന് സജ്ജമാക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ ബസ് സർവീസില്ല. അത്യാവശ്യ ഘട്ടങ്ങളിൽ, ജില്ലാ കളക്ടർമാരുടെ നിർദേശ പ്രകാരം സർവീസ് നടത്തും. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ബസിൽ സാനിറ്റൈസർ ലഭ്യമാക്കണം. സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂർ കർഫ്യൂ സമാനമായ നിയന്ത്രണമേർപ്പെടുത്തും. ആൾക്കൂട്ട സാദ്ധ്യതയുള്ള സംഘംചേരൽ ഒരിടത്തും അനുവദിക്കില്ല.

കേന്ദ്രസർക്കാർ അനുവദിച്ച ലോക്ക് ഡൗൺ ഇളവുകളിൽ, സംസ്ഥാനത്തെ സാഹചര്യങ്ങൾക്കനുസരിച്ച് ഈ മാസം 30 വരെയുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് പ്രഖ്യാപിച്ചത്.

50 പേരെ പങ്കെടുപ്പിച്ച് ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലും കല്യാണമണ്ഡപങ്ങളിലും മറ്റ് ഹാളുകളിലും വിവാഹച്ചടങ്ങുകളും, സ്റ്റുഡിയോ, ഇൻഡോർ ലൊക്കേഷനുകളിൽ 50 പേരെ വച്ചുള്ള സിനിമാഷൂട്ടിംഗും അനുവദിക്കും. കണ്ടെയ്ൻമെന്റ് സോണിൽ മെഡിക്കൽ ആവശ്യങ്ങൾക്കും കുടുംബാംഗങ്ങളുടെ മരണത്തിനും മാത്രമേ യാത്രയാകാവൂ. ഇതിന് അടുത്ത പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് വേണം.അയൽ സംസ്ഥാനങ്ങളിൽ നിന്ന് ദിവസവുമെത്തി ജോലി ചെയ്ത് മടങ്ങുന്നവർക്ക് 15 ദിവസത്തെ താത്കാലിക പാസ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് അനുവദിക്കും.

ഈ മാസം എട്ടിന് ശേഷമുള്ള ഇളവുകളുടെ കാര്യത്തിൽ കേന്ദ്രം ചർച്ച നടത്തുന്നതിന് മുമ്പ് കേരളം അഭിപ്രായമറിയിക്കും. ദേശീയാടിസ്ഥാനത്തിലെടുക്കുന്ന തീരുമാനത്തിൽ സംസ്ഥാനത്തിന് ഇളവ് സാദ്ധ്യമല്ല. കൂടുതൽ കടുപ്പിക്കാം. സാംസ്കാരികപ്രസ്ഥാനങ്ങളിലും യുവജനസംഘടനകളൊഴിച്ചുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രായാധിക്യമുള്ളവരാണേറെ എന്നതിനാൽ സംഘം ചേരലനുവദിച്ചാൽ റിവേഴ്സ് ക്വാറന്റൈൻ

സാധിക്കാതെ വരും. പ്രായമായവർ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്.

മറ്റ് ഇളവുകൾ:

*വിദ്യാലയങ്ങൾ തുറക്കുന്നത് ജൂലായിലോ അതിന് ശേഷമോ.

* കാറിൽ ഡ്രൈവർക്ക് പുറമേ മൂന്ന് പേർ.

* ആട്ടോറിക്ഷയിൽ രണ്ട് പേർ.

* ചാനലുകളിൽ ഇൻഡോർ ഷൂട്ടിംഗിൽ പരമാവധി 25പേർ.

* പൊതുമരാമത്ത് ജോലിക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് 10 ദിവസത്തെ പാസ്.

" ആരാധനാലയങ്ങൾ തുറക്കുന്നത് പ്രതിപക്ഷത്തിന്റെയല്ല, വിശ്വാസികളുടെ ആവശ്യമല്ലേ. എട്ടിന് ശേഷം ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനം പ്രഖ്യാപിക്കും. അതിനനുസരിച്ച് ഇവിടെയെന്ത് ചെയ്യാമെന്ന് തീരുമാനിക്കും. മതമേധാവികളുമായും ചർച്ച നടത്തും"

-മുഖ്യമന്ത്രി