jaleel
photo

തിരുവനന്തപുരം: പതിന്നാല് വർഷത്തിനുശേഷം കെ.ടി.ജലീൽ ഇന്നലെ വീണ്ടും ചരിത്ര അദ്ധ്യാപകനായി. കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത് ഉന്നത വിദ്യാഭ്യാസ മന്ത്റി കെ.ടി.ജലീലിന്റെ ചരിത്ര ക്ലാസോടെയായിരുന്നു. ലോക്ക് ഡൗൺ കാരണം കോളേജുകൾ തുറക്കാനാവാത്തതിനാലാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനമാണ് ലൈവായി ക്ലാസെടുത്ത് മന്ത്റി നിർവഹിച്ചത്.

'ഹിസ്​റ്ററി' എന്ന വാക്കിന്റെ ഉത്പത്തിയുടെ കഥ പറഞ്ഞാണ് മന്ത്റി ക്ലാസ് ആരംഭിച്ചത്. ലോകമാകെ നടന്ന നവോത്ഥാന ചരിത്രങ്ങൾ വിശദമാക്കുകയും മാനവികതയാണ് നവോത്ഥാനമെന്ന സന്ദേശം പകരുകയും ചെയ്തു. തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് ഹാളിൽ നിന്നുള്ള തത്സമയ ക്ലാസ് 75 സർക്കാർ കോളേജുകളിലടക്കം കാണാനായി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായിരുന്നു ജലീൽ.

അക്കാഡമിക് കലണ്ടറിന്റെ അടിസ്ഥാനത്തിൽ ടൈംടേബിളുകൾ തയ്യാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുന്ന തരത്തിലാവും ഓൺലൈൻ ക്ലാസ്. സാങ്കേതിക സംവിധാനങ്ങളുടെയും ഇന്റർനെ​റ്റിന്റെയും ലഭ്യത അടിസ്ഥാനമാക്കി മുഴുവൻസമയ ലൈവ് ക്ലാസ്‌ പരിഗണിക്കും. നിശ്ചിത ഇടവേളകളിൽ ലൈവ് ക്ളാസുകളിലൂടെ ആശയസംവാദവും നടത്തും. കോളേജുകളിൽ തുടർന്നും ക്ലാസുകൾ രാവിലെ 8.30 മുതൽ ആരംഭിക്കുന്നത് പരിഗണിക്കും. ഇക്കാര്യം അടിച്ചേൽപ്പിക്കില്ലെന്നും ചർച്ചകളിലൂടെയേ തീരുമാനിക്കൂവെന്നും മന്ത്റി വ്യക്തമാക്കി.

''വീണ്ടും അദ്ധ്യാപകന്റെ റോളിലെത്തിയത് നല്ല അനുഭവമായിരുന്നു. നേരിട്ട് ആശയവിനിമയം നടത്തുന്ന ക്ലാസുകളിൽ നിന്ന് ലഭിക്കുന്ന അറിവുമായി താരതമ്യപ്പെടുത്തുമ്പോൾ പരിമിതികളുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ അനിവാര്യമാണ്.

-മന്ത്റി കെ.ടി.ജലീൽ