vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ ബഡായി ബംഗ്ലാവെന്ന് കളിയാക്കിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന കാര്യം ചോദിക്കുന്നതിൽ തെറ്റില്ലെങ്കിലും ഇദ്ദേഹം ഇങ്ങനെയായിപ്പോയിയെന്ന് ചോദിക്കുന്ന നിങ്ങളും (മാദ്ധ്യമപ്രവർത്തകർ) കൂടി ആലോചിക്കണം- മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും വിമ‌ർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ രൂക്ഷപ്രതികരണം.

'ഇവർ രണ്ട് പേരെയും കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കണമെന്ന് നിങ്ങൾക്ക് നിർബന്ധമുണ്ടല്ലേ. ഇന്ന് ഏത് ബഡായിയാണ് ഞാൻ പറഞ്ഞത്. ഏതിലാണ് പൊങ്ങച്ചം പറച്ചിലുള്ളത്. ഒരാൾ സ്വയം പരിഹാസ്യനാകാൻ നിശ്ചയിച്ചിറങ്ങിയാൽ എനിക്ക് രക്ഷിക്കാനാകില്ല'- മുഖ്യമന്ത്രി പറഞ്ഞു.

2005ൽ യു.ഡി.എഫ് സർക്കാർ വിക്ടേഴ്സ് ചാനൽ ആവിഷ്കരിച്ചപ്പോൾ എതിർത്തവർ ഇന്നതിന്റെ ഗുണം അനുഭവിക്കുന്നുവെന്ന ഉമ്മൻ ചാണ്ടിയുടെ വിമർശനത്തിന് വി.എസ് പറഞ്ഞ മറുപടി താൻ കണ്ടുവെന്നും പിണറായി പറഞ്ഞു.