തിരുവനന്തപുരം : നഗരത്തിൽ ലോക്ക് ഡൗൺ ലംഘിച്ചു ഭക്ഷണം വിളമ്പിയ ഹോട്ടൽ അടച്ചുപൂട്ടി ഉടമയ്ക്കെതിരെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. ചാല സഭാപതി കോവിൽ റോഡിലുള്ള റോളക്സ് ഹോട്ടലാണ് പൂട്ടിച്ചത്. ഭക്ഷണം പാഴ്സലായേ നൽകാവൂ എന്ന നിർദ്ദേശം അവഗണിച്ച് ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കിയതിന് ഹോട്ടൽ ഉടമ തിരുമല സ്വദേശി ശ്രീകുമാറിനെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും ഐ.പി.സിയിലെ വകുപ്പുകൾ പ്രകാരവും കേസെടുത്തു.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുകയും ശരിയായി മാസ്‌ക് ധരിക്കാതിരിക്കുകയും ചെയ്ത 212പേർക്കെതിരെ ഇന്നലെ കേസെടുത്തു. പൂന്തുറ, വലിയതുറ, ഫോർട്ട് സ്‌റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ. ലോക്ക് ഡൗൺ ലംഘിച്ച 17പേർക്കെതിരെയും കേസെടുത്തു.