bevco

തിരുവനന്തപുരം: രണ്ട് ദിവസത്തെ അവധിക്ക് ശേഷം സംസ്ഥാനത്ത് ബെവ് ക്യൂ ആപ്പിലെ വെർച്വൽ ക്യൂ വഴിയുള്ള മദ്യവിതരണം ഇന്ന് പുനരാരംഭിക്കും. ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിനെ തുടർന്ന് ഇന്നത്തേയ്ക്കുള്ള ബുക്കിംഗ് ഇന്നലെ ഉച്ചയ്ക്ക് 12ന് തുടങ്ങി. ആദ്യ 10 മിനിട്ടിനുള്ളിൽ ഒരു ലക്ഷം പേർക്ക് ഇ ടോക്കൺ നൽകിയതായി ഫെയർകോഡ് കമ്പനി അറിയിച്ചു. ദിവസം 4.50 ലക്ഷം ടോക്കണുകൾ വീതം വിതരണം ചെയ്യും.

 ദൂരപരിധി 5 കിലോമീറ്റർ

ആപ്പ് വഴി ആദ്യം ബുക്ക് ചെയ്യുന്നവർക്ക് മദ്യം ലഭിക്കാനുള്ള ഔട്ട്‌ലെറ്റുകളുടെയോ ബാറുകളുടേയോ ദൂരപരിധി അഞ്ച് കിലോമീറ്ററായി ചുരുക്കി. ടോക്കൺ പരിധി കഴിഞ്ഞാൽ മാത്രമെ പത്തോ അതിൽ കൂടുതലോ കി.മീ ചുറ്റളവിലെ മദ്യാശാലകളിലേക്ക് ടോക്കൺ നൽകൂ.

 ടോക്കൺ സ്‌കാനിംഗ് ഇല്ല
ഇ ടോക്കണുകളിലെ ക്യൂർ ആർ കോഡ് സ്‌കാൻ ചെയ്യുന്നതിനുള്ള മൊബൈൽ ആപ്പ് ഇതുവരെ തയ്യാറാകാത്തതിനൽ ബെവ്കോ ആസ്ഥാനത്ത് നിന്ന് നൽകുന്ന ബുക്കിംഗ് പട്ടിക ഒത്തുനോക്കി മദ്യം നൽ​കുന്നത് തുടരും. ഈയാഴ്ച തന്നെ ആപ്പ് സജ്ജമാകുമെന്ന് ബെവ്കോ എം.ഡി ജി.‌സ്‌പർജൻ കുമാർ പറഞ്ഞു.
 ക്ളബുകളിൽ ഇന്ന് മദ്യം
ക്ലബുകൾ വഴി മദ്യം പാഴ്‌സലായി നൽകുന്നതിന് എക്‌സൈസ് ഇന്നലെ ഉത്തരവിറക്കിയതോടെ ഇന്നുമുതൽ മദ്യം വിതരണം ചെയ്യും. അംഗങ്ങൾക്ക് രാവിലെ 9 മുതൽ 5 മണിവരെയാണ് സമയം.

 ലൈസൻസ് ഫീസ് കാലാവധി കഴിഞ്ഞു
ബാർ, ബിയർ, വൈൻപാർലർ ലൈസൻസുകൾ പുതുക്കാൻ സർക്കാർ നൽകിയ സാവകാശം മേയ് 31ന് അവസാനിച്ചു. ഏപ്രിൽ 30നുള്ളിലാണ് അടയ്‌ക്കേണ്ടിയിരുന്നത്. ലോക്ക് ഡൗണായതിനാൽ ഒരുമാസത്തെ സാവകാശം സർക്കാർ നൽകി.