തിരുവനന്തപുരം:കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പള്ളിക്കൂട മുറ്റങ്ങളിൽ വിദ്യാർത്ഥികളെത്താതെ പുതിയ അദ്ധ്യയന വർഷത്തിന് ജില്ലയിൽ തുടക്കം.പ്രവേശനോത്സവവും ആഘോഷങ്ങളുമില്ലാതെ ഒന്നാം ക്ലാസിലെ കുരുന്നുകളും ഇന്നലെ വീട്ടിലിരുന്ന് വിദ്യ നുകർന്നു. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ആദ്യ ക്ലാസ് രാവിലെ 8.30ന് ആരംഭിച്ചു. പ്ലസ് ടു ക്ലാസുകാർക്കാണ് ആദ്യം ക്ലാസ് നടന്നത്. 10.30ന് ഒന്നാം ക്ലാസുകാർക്ക് അര മണിക്കൂർ നീണ്ട ക്ലാസ്. തുടർന്ന് 10ാം ക്ലാസിന്. പിന്നീട് രണ്ടാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളും യഥാക്രമം സംപ്രേഷണം ചെയ്തു. വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ നടന്നത്. ക്ലാസുകൾക്ക് ശേഷം അതത് ക്ലാസ് ടീച്ചർമാർ ഫോൺ,വാട്സാപ്പ് ഗ്രൂപ്പ് എന്നിവ വഴി കുട്ടികളുമായി ആശയവിനിമയം നടത്തി.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിലും ഓൺലൈൻ ക്ലാസുകൾ തുടങ്ങി. രാവിലെ 8.30ന് സംസ്കൃത കോളേജിലെ ഒറൈസ് കേന്ദ്രത്തിലൂടെ തത്സമയ ക്ലാസ് നടത്തി മന്ത്രി ഡോ. കെ.ടി. ജലീൽ കോളേജുകളിലെ ഒാൺലൈൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,പി.ടി.എ,വായനശാലകൾ,കുടുംബശ്രീ തുടങ്ങിയവ മുഖേന പകരം സംവിധാനങ്ങളൊരുക്കിയിരുന്നു.ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ ഇപ്പോഴും ഓൺലൈൻ ക്ലാസുകൾക്ക് അവസരം ലഭിക്കാത്ത കുട്ടികളുണ്ടെന്നാണ് കണക്കാക്കുന്നത്.വരും ദിവസങ്ങളിൽ ഇവർക്കും സൗകര്യം ലഭ്യമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ വിദ്യാലയങ്ങളിൽ നേരത്തെ തന്നെ ക്ലാസുകൾ ആരംഭിച്ചിരുന്നു. ഇന്നലെ മുതൽ ക്ലാസുകൾ വിപുലീകരിച്ചു. സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ സിലബസിലെ ഭൂരിഭാഗം സ്കൂളുകളിലും അദ്ധ്യാപകർ സ്കൂളിലെത്തി വീഡിയോ കോൺഫറൻസ് വഴിയാണ് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നത്.