മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം പരിശീലകൻ
തിരുവനന്തപുരം : കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനെ നിയമിച്ചു. കഴിഞ്ഞ മൂന്ന് സീസണുകളിൽ പരിശീലകനായിരുന്ന ഡേവ് വാറ്റ്‌മോർ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റിംഗ് ഡയറക്ടറായിപ്പോയ ഒഴിവിലേക്കാണ് ടിനുവിന്റെ നിയമനം.
ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് കളിച്ച ആദ്യ മലയാളിതാരമായ ടിനു 2014 മുതൽ കേരളത്തിന്റെ ബൗളിംഗ് കോച്ചായിരുന്നു. 2016 ൽ പി. ബാലചന്ദ്രനെ സീസണിനിടയിൽ മുഖ്യ പരിശീലകസ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ താത്കാലിക പരിശീലക കുപ്പായവും അണിഞ്ഞു. 2018 മുതൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഹൈ പെർഫോമൻസ് സെന്റർ ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.
വാട്ട്മോറിന് പകരം മുൻ ശ്രീലങ്കൻ താരം അശാങ്ക ഗുരുസിംഗെ, ദക്ഷിണാഫ്രിക്കൻ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റർ ഹെൻറിച്ച് മലാൻ, മുൻ കേരള പേസർ ജി. ജയകുമാർ തുടങ്ങിയവരെ പരിഗണിച്ചിരുന്നുവെങ്കിലും കളിക്കാരുമായുള്ള ദീർഘകാല ബന്ധവും പരിശീലകനെന്ന നിലയിലെ മികവും ടിനുവിന് അനുകൂല ഘടകമായി.
കൊവിഡ് പശ്ചാത്തലത്തിൽ കേരള ടീമിന്റെ പരിശീലന ക്യാമ്പിനെയും മത്സര ഷെഡ്യൂളുകളെയും കുറിച്ച് തീരുമാനമായിട്ടില്ല. ആഭ്യന്തര ക്രിക്കറ്റ് സീസൺ ബി.സി.സി.ഐ നിറുത്തിവച്ചിരിക്കുകയാണ്. സെപ്തംബറിൽ രഞ്ജി സീസൺ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടിനു യോഹന്നാൻ
41 വയസ്
ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിച്ച ആദ്യ കേരള ക്രിക്കറ്റർ
2001 ഡിസംബർ മൂന്നിന് ഇംഗ്ളണ്ടിനെതിരെ മൊഹാലിയിൽ ടെസ്റ്റ് അരങ്ങേറ്റം
3 വീതം ടെസ്റ്റുകളിലും ഏകദിനങ്ങളിലുമാണ് ഇന്ത്യൻ കുപ്പായമണിഞ്ഞത്.
2002 ഡിസംബറിൽ ന്യൂസിലൻഡിനെതിരെ അവസാന ടെസ്റ്റ്.
2002 മേയിൽ വിൻഡീസിനെതിരെ ഏകദിന അരങ്ങേറ്റം . ജൂലായിൽ ശ്രീലങ്കയ്ക്കെതിരെ അവസാന ഏകദിനം.
5 വീതം വിക്കറ്റുകളാണ് ടെസ്റ്റിലും ഏകദിനങ്ങളിലും കളിച്ചത്.
59 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ കേരളത്തിനായി കളിച്ചു. 145 വിക്കറ്റുകൾ സ്വന്തമാക്കി.
കോച്ചിംഗ് ഇഷ്ടം
ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം പരിശീലക രംഗത്തേക്ക് തിരിയുകയായിരുന്നു ടിനു . ചെന്നൈ കെംപ്ളാസ്റ്റ് ടീമിന്റെ പരിശീലകനായാണ് തുടക്കം. 2014 ൽ കേരളത്തിന്റെ ബൗളിംഗ് കോച്ചായി. ആറുവർഷമായി കേരള ക്രിക്കറ്റിൽ സജീവസാന്നിദ്ധ്യമാണ്.
അച്ഛന്റെ മകൻ
മുൻ അന്തർദേശീയ അത്‌ലറ്റിക്സ് താരം ട.സി. യോഹന്നാന്റെ മകനാണ് ടിനു. ഏഷ്യൻ ഗെയിംസിലെ മുൻ റെക്കാഡ് ജേതാവായ യോഹന്നാൻ 1976 മോൺട്രിയോൾ ഒളിമ്പിക്സിലും മത്സരിച്ചിട്ടുണ്ട്.
ടിനുവിനോട് 5 ചോദ്യങ്ങൾ
കേരള രഞ്ജി ടീം കോച്ചായി തിരഞ്ഞെടുക്കപ്പെട്ട ടിനു യോഹന്നാൻ കേരള കൗമുദിയുമായി സംസാരിച്ചപ്പോൾ
1.
ടിനുവിന്റെ സമയത്തുള്ള പ്രതിച്ഛായയല്ല ഇപ്പോൾ കേരള രഞ്ജി ടീമിന്റേത്?
തീർച്ചയായും. കേരള ക്രിക്കറ്റ് വളരെയേറെ മാറിയിരിക്കുന്നു. ദേശീയ ശ്രദ്ധ ലഭിക്കുന്ന നിരവധി പ്രതിഭകൾ ഇപ്പോഴുണ്ട്. ശ്രദ്ധയോടെ നേരിടേണ്ട ടീമായാണ് കേരളത്തെ എതിരാളികൾ കാണുന്നത്. ശക്തരായ പോരാളികൾ തന്നെയാണ് നമ്മളെന്ന് കഴിഞ്ഞ സീസണുകളിൽ തെളിയിച്ചു. കഴിഞ്ഞ സീസണിൽ നോക്കൗട്ടിൽ എത്തിയില്ലായിരിക്കാം. എന്നാൽ അതിനുമുമ്പ് സെമിയിലും അതിനുംമുമ്പ് ക്വാർട്ടറിലും കളിക്കാൻ കഴിഞ്ഞിരുന്നു.
2. ബൗളിംഗ് പരിശീലകനെന്ന നിലയിൽഏറെനാളായി കേരള ടീമിനൊപ്പമുണ്ട്. എന്താണ് പ്രതീക്ഷകൾ
എനിക്ക് ഏറെ അടുത്തറിയാവുന്നവരാണ് ഇപ്പോൾ ടീമിലുള്ളത്. അവരുടെ വളർച്ചയുടെ ഒാരോ പടവിലും ഒപ്പമുണ്ടാകാൻ കഴിഞ്ഞിട്ടുണ്ട്. വളരെ പക്വതയേറിയ താരങ്ങളാണവർ. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ എന്നേക്കാൾ അനുഭവസമ്പത്തുള്ളവരുണ്ട്. അവരെ പ്രത്യേകിച്ച് ഒന്നും പഠിപ്പിക്കേണ്ടതില്ല. ശരിയായ മാർഗത്തിലേക്ക് ഗൈഡ് ചെയ്താൽ മതിയാകും.
3. പ്രായത്തിൽ ടിനു ടീമംഗങ്ങൾക്ക് ജ്യേഷ്ഠസ്ഥാനത്താണ് ടിനു. കർക്കശക്കാരനായ അദ്ധ്യാപകനാകാൻ പ്രായം തടസമാകുമോ?
അതീവ കർക്കശക്കാരനായ അദ്ധ്യാപകനോ, എല്ലാ സ്വാതന്ത്ര്യവും കൊടുക്കുന്ന ജ്യേഷ്ഠനോ ആവില്ല. എന്നാൽ കർശനമാകേണ്ടിടത്ത് അങ്ങനെതന്നെയാകും. മൂത്ത സഹോദരനെപ്പോലെ നിൽക്കേണ്ട സാഹചര്യത്തിൽ അങ്ങനെയും പെരുമാറും. കളിക്കാരുടെ മനസറിഞ്ഞ് പെരുമാറണം എന്ന പക്ഷക്കാരനാണ് ഞാൻ.
4. അടുത്ത സീസണിൽ ഒരു പക്ഷേ ശ്രീശാന്ത് തിരികെയെത്തിയേക്കാം. മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ ടീമിലുണ്ട്. ഇൗ സീനിയേഴ്സിന്റെ പ്രാധാന്യം?
ശ്രീ വരികയും ഉത്തപ്പയും ജലജ് സക്സേനയും പോലുള്ള സീനിയേഴ്സ് ഉണ്ടാവുകയും ചെയ്യുന്നത് വളരെ പ്രയോജനകരമായ കാര്യമാണ്. ഒരേസമയം മൂന്നുപേരെയും കളത്തിലിറക്കാനുമാകും. വിശാലമായ അനുഭവ പരിചയമാണ് ഇവരുടെ മുതൽക്കൂട്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെയൊക്കെ പ്രവർത്തിക്കണമെന്ന് സഹതാരങ്ങൾക്ക് നിർദ്ദേശം നൽകാൻ ഇവർക്കാകും.
5. കേരള ടീമിനുള്ളിലെ അന്തരീക്ഷം പല സീസണുകളിലും അത്ര മെച്ചമായിരുന്നില്ല?
ഞാനൊക്കെ കളിക്കുമ്പോഴും ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും മാറ്റാൻ പറ്റാത്ത പ്രശ്നങ്ങളല്ല. തമ്മിൽതമ്മിൽ തുറന്ന മനസോടെ സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളേ മുമ്പും ഉണ്ടായിരുന്നുള്ളൂ. ആശയവിനിമയം നല്ല രീതിയിലാക്കുക എന്നുള്ളതാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മാർഗം. കളിക്കാർ തമ്മിലും കളിക്കാരും പരിശീലകരും തമ്മിലുമൊക്കെ നല്ലൊരു ആശയവിനിമയബന്ധം നിലനിറുത്താൻ ശ്രമിക്കും.