തിരുവനന്തപുരം: മുൻകൂട്ടി റിസർവ് ചെയ്ത യാത്രക്കാരുമായി സംസ്ഥാനത്ത് കൂടുതൽ സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചു. ആഴ്ചയിൽ 5 ദിവസം കോട്ടയം വഴിയുള്ള തിരുവനന്തപുരം-കണ്ണൂർ- തിരുവനന്തപുരം സർവീസ്, സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതനുസരിച്ച് കോഴിക്കോട് വരെയായി ചുരുക്കി.
കണ്ണൂരിൽ ഹോട്ട് സ്‌പോട്ടുകൾ കൂടുതലായ സാഹചര്യത്തിലാണിത്. ഈ ട്രെയിൻ ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും ഒഴികെ ഉച്ചയ്ക്ക് 2.45നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് രാത്രി 10.17നു കോഴിക്കോട്ട് എത്തും. കോഴിക്കോടു നിന്നുള്ള ട്രെയിൻ ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും ഒഴികെ രാവിലെ 6.05നു യാത്ര തിരിച്ച് ഉച്ചയ്ക്ക് 2.25നു തിരുവനന്തപുരത്ത് എത്തിച്ചേരും. ഇതര സംസ്ഥാനങ്ങളിൽ നിന്നുവരുന്ന ട്രെയിനുകളിൽ എത്തുന്ന യാത്രക്കാർക്ക് കണ്ണൂർ ഇറങ്ങാനാകുമെന്നും റെയിൽവേ അറിയിച്ചു.
ആരോഗ്യ, ടിക്കറ്റ് പരിശോധനകൾക്കായി യാത്രക്കാർ ട്രെയിൻ പുറപ്പെടുന്നതിനു ഒന്നര മണിക്കൂർ മുമ്പ് എത്തണമെന്നു നിർദ്ദേശമുണ്ടായിരുന്നെങ്കിലും ഇന്നലെ പല സ്റ്റേഷനുകളിലും യാത്രക്കാർ വൈകിയെത്തിയതിനാൽ ചെറിയ തിരക്ക് അനുഭവപ്പെട്ടു.
വൈകി എത്തുന്ന യാത്രക്കാരെ കൺഫേംഡ് ടിക്കറ്റ് ഉണ്ടായാലും പരിശോധന പൂർത്തിയാക്കാൻ വൈകിയാൽ ട്രെയിനിൽ കയറാൻ അനുവദിക്കില്ലെന്നു റെയിൽവേ വ്യക്തമാക്കി. ആരോഗ്യ സേതു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. റദ്ദാക്കിയിരുന്ന എല്ലാ പാസഞ്ചർ എക്സ്‌പ്രസ് സർവീസുകളും 30 വരെ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. സർവീസ് നടത്തുന്ന ട്രെയിനുകളിൽ ടിക്കറ്റുകൾ 120 ദിവസം മുമ്പുവരെ ബുക്ക് ചെയ്യാം.
ട്രെയിനുകൾ ഫുൾ
സ്‌പെഷ്യൽ ട്രെയിനുകളിൽ കയറാൻ ഈ മാസം 4 വരെ ബുക്ക് ചെയ്തത് 27 ലക്ഷം യാത്രക്കാരാണ്. ശ്രമിക്, രാജധാനി ട്രെയിനുകൾക്ക് പുറമെ 200 പ്രത്യേക സർവീസുകളാണ് റെയിൽവേ ആദ്യഘട്ടത്തിൽ ആരംഭിച്ചത്. ഇന്നലെമാത്രം വിവിധ ട്രെയിനുകൾക്ക് 1.48 ലക്ഷം പേർ ടിക്കറ്റ് റിസർവ് ചെയ്തിട്ടുണ്ട്.കർശന വ്യവസ്ഥകളോടെയാണ് യാത്രക്കാരെ ട്രെയിനുകളിൽ കയറ്റുക. ട്രെയിൻ പുറപ്പെടുന്നതിന് 90 മിനിറ്റ് മുൻപ് യാത്രക്കാരൻ സ്റ്റേഷനിൽ എത്തണം. സീറ്റ് ഉറപ്പായവർക്കും ആർ.എ.സിക്കാർക്കും മാത്രമാണു യാത്ര അനുവദിക്കുക. പരിശോധനയ്ക്കുശേഷം രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര തുടരാം. സ്‌പെഷ്യൽ ട്രെയിൻ യാത്രക്കാർ വിരിപ്പും പുതപ്പും സ്വന്തമായി കരുതണം. ഐ.ആർ.ടി.സി അത്യാവശ്യ ഭക്ഷണവസ്തുക്കളും കുപ്പിവെള്ളവും വിലയ്ക്കു നൽകും. എല്ലാവർക്കും ആരോഗ്യസേതു ആപ്പ് നിർബന്ധമാണ്. സർവീസ് ആരംഭിച്ച ജനശതാബ്ദിയിൽ റിസർവ് ചെയ്തവരെല്ലാം കയറിയിട്ടുണ്ട്. അടുത്തദിവസം കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ആരംഭിക്കുന്നതും പരിഗണനയിലാണ്.