ആലുവ:നഗരത്തിൽ ജുവലറികളും സ്ഥാപനങ്ങളും കുത്തിത്തുറന്ന് മോഷണത്തിന് പദ്ധതി തയ്യാറാക്കുന്നതിനിടെ മൂന്നംഗസംഘം പൊലീസ് പിടിയിലായി. അങ്കമാലി തുറവൂർ ഇഞ്ചയിൽവീട്ടിൽ സാജു സാബു (24), കോട്ടയം രാമപുരം പിഴക് തൃക്കയിൽ ക്ഷേത്രത്തിന് സമീപം പാലപ്ളാക്കൽ വീട്ടിൽ അഖിൽ വർക്കി (22),രാമപുരം നെല്ലാപ്പാറ പെട്രോൾപമ്പിന് സമീപം നടുവേലിക്കൂട്ട് വീട്ടിൽ അരുൺ ജെയ്സൺ (25) എന്നിവരാണ് പിടിയിലായത്.ഇന്നലെ രാത്രി ആലുവ പൊലീസിന്റെ പട്രോളിംഗിനിടെയാണ് മൂവരും പിടിയിലായത്. ദിവസങ്ങൾക്ക് മുമ്പ് ആലുവയിലുള്ള വിവിധ ജ്വല്ലറികളും സ്ഥാപനങ്ങളും നിരീക്ഷിച്ച് അവയുടെ ഫോട്ടോകൾ എടുത്തതും ഇവരുടെ മൊബൈലിൽ നിന്ന് ലഭിച്ചു. മോഷണം നടത്തുന്നതിനായുള്ള നിരവധി ഉപകരണങ്ങളും എങ്ങനെ മോഷണം നടത്തണമെന്ന് തയ്യാറാക്കിയ രേഖകളും പിടികൂടി.സാബു,അഖിൽ എന്നിവർ ഒന്നിച്ച് പഠിച്ചവരും അരുൺ അഖിലിന്റെ നാട്ടുകാരനുമാണ്.എസ്.ഐ ടി.എൽ ജയൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീവ്കുമാർ, നൗഫൽ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.