കിളിമാനൂർ: ന​ഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ​ഗേറ്റ്മുക്കിൽ യുവാക്കൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ തോക്കിന് പ്രഹരശേഷിയില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ന​ഗരൂർ ​ഗേറ്റ്മുക്ക് ജം​ഗ്ഷനിൽ ഞായറാഴ്ച വൈകിട്ട് 6.30നാണ് ഉദയകുമാർ, മനീഷ് എന്നിവർക്ക് നേരെ ഇളമ്പയിൽ എസ്റ്റേറ്റിൽ അർജ്ജുൻ (32) എയർ​ഗൺ ഉപയോ​ഗിച്ച് രണ്ടുതവണ വെടിയുതിർത്തത്. സംഭവത്തിൽ ന​ഗരൂർ പൊലീസ് ഉടൻ തന്നെ അർജ്ജുനെയും കൃത്യം നടത്താൻ ഉപയോ​ഗിച്ച തോക്കും കസ്റ്റഡിയിലെടുത്തു. അർജ്ജുന്റെ പിതാവ് വിജയകുമാറിന് മൂന്ന് തോക്കുകൾക്കുള്ള ലൈസൻസ് ഉണ്ട്. തുടർന്ന് എയർ​ഗൺ ആണോ മറ്റ് തോക്കുകളിൽ നിന്നാണോ വെടിയുതിർത്തതെന്ന പരിശോധനയ്‌ക്കായി ഫോറൻസിക് സംഘം സ്ഥലത്തെത്തി. 22 വർഷത്തിലധികം പഴക്കമുള്ള എയർ​ഗണ്ണിൽ നിന്നാണ് വെടിയുതിർത്തതെന്നും ഇതിൽ ഉണ്ട ഉപയോ​ഗിക്കാൻ കഴിയില്ലെന്നും ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതായി എസ്.ഐ സഹിൽ അറിയിച്ചു.