തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ കലാപരിശീലനം ഓൺലൈൻ സംവിധാനത്തിൽ പുനരാരംഭിക്കുന്നു. 'സർഗയാനം' എന്ന പേരിൽ തുടങ്ങുന്ന പരിശീലനം മന്ത്രി എ.കെ. ബാലൻ നാളെ ഉച്ചയ്ക്ക്12ന് സെക്രട്ടറിയേറ്റിലെ ചേംബറിൽ ഉദ്ഘാടനം ചെയ്യും.
കേരളനടനം, മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയസംഗീതം, ലളിതസംഗീതം, ഓട്ടൻതുള്ളൽ, വീണ, വയലിൻ, മൃദംഗം, തബല, കീബോർഡ്, ഡ്രായിംഗ് & പെയിന്റിംഗ് എന്നീ കലകളിൽ ജൂനിയർ, സീനിയർ ബാച്ചുകൾക്ക് ആഴ്ചയിൽ മൂന്നു ദിവസം വീതം പരിശീലനം നൽകും. അതോടൊപ്പം വിവിധ ജില്ലകളിൽ നിന്ന് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ കേരളനടനം സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരിശീലനവും ഓൺലൈനിൽ ആരംഭിക്കും.
നിലവിൽ പരിശീലനത്തിലുള്ള വിദ്യാർത്ഥികളിൽ 300ലേറെ പേർ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കും. സ്‌കൂൾ ക്ലാസുകൾക്ക് തടസമുണ്ടാകാത്ത വിധത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. പുതുതായി പ്രവേശനം നേടാനാഗ്രഹിക്കുന്നവർക്ക് ഓൺലൈനിൽ പേരു രജിസ്റ്റർ ചെയ്യാം. നടനഗ്രാമത്തിലെ ദേശീയ നൃത്ത മ്യൂസിയം കേന്ദ്രീകരിച്ചാണ് ഓൺലൈൻ കലാപരിശീലനത്തിന് നൂതന സംവിധാനങ്ങൾ ഒരുക്കിയത്.