online

തിരുവനന്തപുരം : സംസ്ഥാനത്ത് ഒാൺ ലൈനായി അദ്ധ്യയനവർഷം ആരംഭിച്ചപ്പോൾ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് അർഹമായ പ്രാധാന്യം ലഭിച്ചില്ല. വിക്ടേഴ്സ് ചാനൽവഴി സംപ്രേഷണം ചെയ്യുന്ന ഒാൺലൈൻ ക്ളാസുകളുടെ ടൈം ടേബിളിൽ കായിക വിദ്യാഭ്യാസത്തെ ഉൾപ്പെടുത്തിയില്ല. കായിക വിദ്യാഭ്യാസം നിർബന്ധിതമാക്കി ദേശീയ തലത്തിൽ മാതൃകയായ സംസ്ഥാനമാണ് കേരളം.

ലോക്ക് ഡൗൺ കാലത്ത് വീടിനുള്ളിൽ അടച്ചിരിക്കേണ്ടിവന്ന വിദ്യാർത്ഥികൾക്ക് ശാരീരികവും മാനസികവുമായ ഉന്മേഷം പകരുന്നതിന് കായിക വിദ്യാഭ്യാസം ആവശ്യമാണെന്നാണ് ഇൗ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. ഒാൺലൈൻ ക്ളാസുകൾ തുടങ്ങുന്നതിന് മുന്നോടിയായി അദ്ധ്യാപകർക്കായി നടത്തിയ ക്ളാസിൽ ആസൂത്രണ ബോർഡംഗം ഡോ. ബി. ഇഖ്ബാൽ ഇൗ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു.

കൊവിഡ് കാലത്ത് വ്യായാമങ്ങളും ശരിയായ ആരോഗ്യ-ഭക്ഷണ രീതികളും ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ജീവിത ശൈലി രോഗങ്ങളും അമിത ശരീരഭാരവും ഇപ്പോഴത്തെ കുട്ടികളെ മുൻപത്തേക്കാളേറെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. ശാരീരിക പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഭക്ഷണ രീതിയും വ്യായാമ മുറകളും കുട്ടികൾക്ക് പകർന്നുകൊടുക്കേണ്ടത് മറ്റേതൊരു സമയത്തേക്കാളും അത്യാവശ്യം ഇപ്പോഴാണ്.

ഒാൺലൈനായി കായിക പാഠ്യപദ്ധതിയും ക്ളാസുകളും നൽകാൻ തയ്യാറാണെന്നും മുഖ്യമന്ത്രിതന്നെ ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും ഡിപ്പാർട്ട്മെന്റൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. സുനിൽകുമാർ കേരളകൗമുദിയോട് പറഞ്ഞു.

ഇൗ സമയത്ത് കായികവിദ്യാഭ്യാസം ഒാൺലൈനായി കുട്ടികളിൽ എത്തിക്കണമെന്നത് വളരെ നല്ല നിർദ്ദേശമാണ്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണശീലങ്ങളും നമ്മളുടെ കുട്ടികളുടെ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഡോ. ബി. ഇഖ്ബാൽ

പ്ളാനിംഗ് ബോർഡ് അംഗം