തലശ്ശേരി: ന്യൂമാഹിയിൽ ക്വാറന്റീൻ ലംഘിച്ചെന്ന് വ്യാജ പ്രചരണം നടത്തുകയും, നിരന്തരമായി മാനസിക പീഡനം നടത്തുകയും ചെയ്തതിൽ മനംനൊന്ത് ന്യൂ മാഹി പി.എച്ച്.സിയിലെ കമ്മ്യൂണിറ്റി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നാലു പേർക്കെതിരെ കേസ്. യുവതി തന്റെ വാട്സ്ആപ്പിലും സ്വന്തം കൈപ്പടയിലും എഴുതി വെച്ച ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ച സഹപ്രവർത്തകനടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ രഹസ്യമൊഴി ആശുപത്രിയിലെത്തി നേരത്തെ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് രക്തസമ്മർദ്ദം കുറയാനുള്ള നാൽപ്പത് ഗുളികകൾ ഒന്നിച്ച് കഴിച്ച് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ന്യൂ മാഹി ലോക്കൽ കമ്മിറ്റി തിങ്കളാഴ്ച കാലത്ത് പി.എച്ച്.സിക്ക് മുന്നിൽ ധർണ നടത്തി.
ഗുരുതരവാസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിർദ്ധന കുടുംബത്തിലെ ആരോഗ്യ പ്രവർത്തകയെ അകാരണമായി മാനസികപീഡനം നടത്തി ആത്മഹത്യയിലേക്ക് നയിച്ചവർക്കെതിരെ ന്യൂ മാഹിയിൽ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്.