murder-case-

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിനുപിന്നിൽ മോഷണം തന്നെയെന്ന നിഗമനത്തിൽ ബന്ധുക്കൾ. പാറപ്പാടം സ്വദേശി ഷീബാ സാലിയാണ് ഇന്നലെ വീട്ടിനുള്ളിൽ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഭർത്താവ് മുഹമ്മദ് സാലിയുടെ നില ഗുരുതരമായി തുടരുകയാണ്.ഷീബയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഭാര്യയ്ക്കും ഭർത്താവിനും ആരുമായി ശത്രുതയുമുണ്ടായിരുന്നില്ല. ഇതാണ് കൊലപാതകത്തിനുപിന്നിൽ മോഷണമാണെന്ന് ബന്ധുക്കൾ പറയാൻ കാരണം.

രണ്ട് നില വീട്ടിൽ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. കൊല നടന്നെങ്കിലും വീട്ടിനുള്ളിൽ നിന്ന് നിലവിളിയോ മറ്റോ കേട്ടതായി റിപ്പോർട്ടില്ല. സമീപത്തെ വീടുകളിൽ താമസിക്കുന്നത് പ്രായമുള്ളവരാണ്. അതിനാലാകാം ശബ്ദം കേൾക്കാത്തതെന്നാണ് കരുതുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകൾ അയൽവാസികളെ അറിയിച്ചതോ‌ടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അയൽക്കാരൻ വന്നുനോക്കിയപ്പോൾ ഗ്യാസ് സിലിണ്ടർ ലീക്കുചെയ്യുന്നതായി കണ്ടു.ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. അവരെത്തി വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. ജനാലയ്ക്കുള്ളിലൂടെ വീട്ടിനുള്ളിലേക്ക് നോക്കിയപ്പോഴാണ് ഉള്ളിൽ രക്തം തളംകെട്ടി നിൽക്കുന്നത് കണ്ടത്.

ഇതോടെ പുറത്ത് നിന്ന് പൂട്ടിയ വാതിൽ ഫയർഫോഴ്സ് വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഷീബ മരിച്ചിരുന്നു.

രണ്ട് പേർക്കും തലയ്ക്കടിയേറ്റിട്ടുണ്ട്. ഷീബയെ ഷോക്കടിപ്പിക്കാനും ശ്രമം നടന്നു. കമ്പി ഇവരുടെ കാലിൽ ചുറ്റിയ നിലയിലായിരുന്നു. ഒരു ഗ്യാസ് സിലിണ്ടർ സ്വീകരണമുറിയിൽ കൊണ്ടുവച്ച് തുറന്നുവിട്ടിരുന്നു. അലമാര വാരിവലിച്ചിട്ട നിലയിലായിരുന്നു.ഇതിനൊപ്പം സെറ്റിയും ടീപ്പോയുമുൾപ്പെടെ തകർത്ത നിലയിലാണ്.ഇതും മോഷണത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് പൊലീസ് പറയുന്നത്. തുമ്പുണ്ടാക്കാൻ സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട് .

രാവിലെ പത്തുമണിയോടെയായിരിക്കും കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്.വീടിനു പുറത്തു കിടന്ന വാഗൺ ആർ കാർ കാണാതായിട്ടുണ്ട്. ഇൗ കാർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടുപോവുന്നത്.കാർ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. ചെക്പോസ്റ്റുകളിലും മറ്റും പരിശോധന നടത്തുന്നുണ്ട്.