ന്യൂയോർക്ക്: പൊലീസ് കസ്റ്റഡിയിൽ മരിച്ച ജോർജ് ഫ്ളോയ്ഡിന്റെ മരണത്തിൽ പ്രതിഷേധക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും, വിചാരണ ചെയ്യണമെന്നും ഡൊണാൾഡ് ട്രംപ് ഗവർണർമാരോട് ആവശ്യപ്പെട്ടു. പ്രതിഷേധത്തിനും ആക്രമണത്തിനും പിന്നിൽ തീവ്ര ഇടതു ശക്തികളാണെന്ന അഭിപ്രായം ഒരിക്കൽകൂടി അദേഹം ആവർത്തിച്ചു. രാജ്യത്ത് തുടരുന്ന പ്രക്ഷോഭം അടിച്ചമർത്തുകയെന്നത് ഗവർണർമാരുടെ ഉത്തരവാദിത്തമാണെന്നും തന്റെതല്ലെന്ന് ട്രംപ് വ്യക്തമാക്കി.
മരണത്തിൽ അനുശോചിച്ചും ജോർജ് ഫ്ളോയ്ഡിന് നീതി വേണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കൻ പൊലീസും രംഗത്തെത്തി. സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പൊതുസ്ഥലത്ത് മുട്ടുകുത്തിയിരുന്നാണ് വർണവെറിക്കെതിരായ പ്രക്ഷോഭങ്ങളോടുള്ള തങ്ങളുടെ പിന്തുണയറിയിച്ചത്.
അതേസമയം പ്രക്ഷോഭത്തിന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ബിയോണ്‍സ്, റിഹാന, ലേഡി ഗാഗ, ഡ്വയൻ ജോണ്സണ്, സലീന ഗോമസ്, കിം കർദാഷിയാൻ, കെൻട്രിക് സാംപ്സണ്, ക്രിസി ടൈഗെൻ, ബെൻ പ്ലറ്റ എന്നിങ്ങനെ നിരവധി താരങ്ങളാണ് പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ പിന്തുണയറിയിച്ചതിനൊപ്പം പ്രതിഷേധക്കാർക്ക് സഹായമെത്തിച്ചുമാണ് താരങ്ങൾ സമരത്തിൽ പങ്കാളികളായത്. നീതി ലഭ്യമാക്കണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. അറസ്റ്റിലാകുന്ന പ്രതിഷേധക്കാർക്ക് ജാമ്യം എടുക്കുന്നതിനുള്ള ധനസമാഹരണത്തിലും ഹോളിവുഡിന്റെ സഹായമുണ്ട്. നിരവധി പ്രമുഖരാണ് സംഭാവനയുമായി രംഗത്തെത്തിയത്.