ന്യൂയോർക്ക്: അതിർത്തിയിൽ ചൈന നടത്തുന്ന പ്രകോപനങ്ങളിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക വീണ്ടും രംഗത്ത്. സംഘർഷം ഉണ്ടായാൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ചൈന നടത്തുന്ന പ്രകോപനങ്ങൾ അംഗീകരിക്കാനാവില്ല. കൊവിഡ് വ്യാപനത്തിന്റെ പഴി കേൾക്കാതിരിക്കാനാണ് ചൈന ഈ അഭ്യാസം കാട്ടുന്നത്.
ലഡാക്ക് അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം ഇത്തരമൊരു അജണ്ടയുടെ ഭാഗമാണ്. അതിർത്തി മറികടന്ന് ഇന്ത്യൻ ഭൂമിയിലേക്ക് അതിക്രമിച്ച് കയറാൻ ചൈന നിരന്തരം ശ്രമിക്കുന്നുണ്ട്. ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി അമേരിക്ക സഹകരിക്കും. ചൈനീസ് ഭീഷണി നേരിടാൻ സാദ്ധ്യമായതെല്ലാം അമേരിക്ക ചെയ്യുന്നുണ്ട്.
'ഇന്ത്യൻ അതിർത്തികളിലെ പുതിയ താവളങ്ങളിൽ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘർഷം പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗൽവാൻ താഴ്‌വര, പാങ്‌ഗോങ് തടാകത്തിന്റെ വടക്കൻ തീരം എന്നിവിടങ്ങളിൽ സൈന്യത്തെ ദീർഘനാൾ നിലനിർത്താൻ ചൈന ശ്രമിക്കുന്നത് വീണ്ടും ഭാരതത്തിലേക്ക് കടന്നുകയറാനാണെന്ന്'- മൈക്ക് പോംപിയോ പറഞ്ഞു.
അതേസമയം, ലഡാക്കിൽ ഇന്ത്യയുടെ നിയന്ത്രണരേഖയിലേക്ക് ചൈന നടത്തിയ കടന്നുകയറ്റം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് യു.എസ് ഹൗസ് ഒഫ് റെപ്രസന്റേറ്റീവ്‌സ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി അദ്ധ്യക്ഷനായ എലിയോട്ട് ഏംഗൽ പറഞ്ഞു. അതിർത്തിപ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനുപകരം പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാക്കാൻ ചൈന വീണ്ടും ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വിഷയം നയതന്ത്രപരമായി കൈകാര്യം ചെയ്യണമെന്നും നിലവിലെ മാനദണ്ഡം അടിസ്ഥാനമാക്കി പ്രശ്‌നപരിഹാരം കാണമെന്നും ഏംഗൽ ചൈനയോട് ആവശ്യപ്പെട്ടു.
'അതിർത്തിയിൽ ചൈന നടത്തുന്ന ലംഘനങ്ങൾ ആശങ്കയുളവാക്കുന്നതാണ്. കരുത്താണ് ശരി എന്ന് കരുതുന്ന ലോകത്തല്ല നാം ജീവിക്കുന്നത്. എല്ലാ രാജ്യങ്ങളും ഒരേ തരത്തിലുള്ള പെരുമാറ്റച്ചട്ടം അനുസരിക്കാൻ ബാധ്യസ്ഥരാണ്'-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസം ആദ്യമുതൽ ലഡാക്കിലെ അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം നിലനിൽക്കുകയാണ്. ചൈനയുടെ സൈന്യം നിയന്ത്രണരേഖ ലംഘിച്ചതായി ഇന്ത്യ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം ചൈന ശക്തമായി നിഷേധിച്ചു.