തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം കനക്കുന്നു.തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ ഭാഗമായി കേരളത്തിലെ മിക്ക ജില്ലകളിലും ഇന്നലെ വൈകുന്നേരം മുതൽ മഴ ശക്തമായി. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കും. വേനൽമഴയിൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്ന് വിട്ട തിരുവനന്തപുരം ജില്ലയിൽ നദികളിലെ ജലവിതാനം അപകടകരമായ സാഹചര്യത്തിൽ തുടരുകയാണ്. കാലവർഷം ശക്തമായതോടെ പലയിടങ്ങളിലും നദികൾ കരകവിയാൻ തുടങ്ങിയിട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്ന നിലയിലാണ്.
വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടർന്നാൽ നെയ്യാറിന്റെ ഷട്ടറുകൾ ഇന്ന് ഉച്ചയോടെ വീണ്ടും തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിന്റെ പലഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി. മെഡിക്കൽ കോളേജ്, പോങ്ങുംമൂട്, ഗൗരീശപട്ടം, കണ്ണമ്മൂല ഭാഗങ്ങളിലാണ് താഴ്ന്ന സ്ഥലങ്ങളിലെ വീടുകളിൽ വെള്ളം കയറി തുടങ്ങിയത്. നഗരസഭാ ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.തെക്ക് കിഴക്കൻ അറബിക്കടലിൽ അനുകൂലഘടകങ്ങൾ നിലനിൽക്കുന്നതിനാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഒറ്റദിവസം തന്നെ സംസ്ഥാനമാകെ കാലവർഷം വ്യാപിച്ചു.കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽ സാധാരണ മഴയുടെ 102 ശതമാനം ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലിമീറ്റർവരെ) അതിശക്തമായതോ (115മുതൽ 204.5 മില്ലീമീറ്റർ) ആയ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിട്ടി അഭ്യർത്ഥിച്ചു.
ലക്ഷദ്വീപിനും കർണാടക തീരത്തിനുമിടയിൽ ഉണ്ടായിരുന്ന ന്യൂനമർദ്ദ മേഖല ഇന്നലെ തീവ്ര ന്യൂനമർദ്ദമായി മാറി വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുകയാണ്. ഗോവക്ക് 360 കിലോമീറ്റർ അടുത്തുള്ള ഈ ന്യൂനമർദ്ദം ഇന്ന് തീവ്ര ചുഴലിക്കാറ്റായി മാറും. നിസർഗ എന്ന പേരിലുള്ള ചുഴലിക്കാറ്റുമൂലം കർണാടക, ഗോവ, മഹാരാഷ്ര എന്നിവിടങ്ങളിൽ വരും ദിവങ്ങളിൽ കനത്ത മഴ ലഭിക്കും. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് നിഗമനം. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല.മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.