തിരുവനന്തപുരം: വിക്‌ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിക്കാനെത്തുന്ന അദ്ധ്യാപകരുടെ വീഡിയോകളും ഫോട്ടോകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് സൈബർ വിഭാഗം അറിയിച്ചു. പൊലീസ് വെബ് സൈറ്റിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇന്നലെ മുതലാണ് സർക്കാർ വിക്‌ടേഴ്‌സ് ചാനലിൽ ക്ലാസുകൾ തുടങ്ങിയത്. ക്ലാസ് എടുത്ത അദ്ധ്യാപികമാരുടെ വീഡിയോകളും ഫോട്ടോകളും സാമൂഹമാദ്ധ്യമങ്ങളിൽ ചിലർ മോശമായി പ്രചരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സൈബർ വിഭാഗം ശക്‌തമായ നടപടിക്കൊരുങ്ങുന്നത്.
സംസ്ഥാന സർക്കാർ തുടക്കം കുറിച്ച ‘ഫസ്‌റ്റ് ബെൽ’ ഓൺലൈൻ സ്‌കൂൾ വിദ്യാഭ്യാസത്തിന് കുട്ടികളിൽനിന്നും രക്ഷിതാക്കളിൽ നിന്ന് മികച്ച പ്രോത്സാഹനമാണ് ഇന്നലെതന്നെ ലഭിച്ചത്. മികച്ച അദ്ധ്യാപകരാണ് ക്ലാസുകൾ എടുക്കുന്നതും. അവരെയാണ് മോശം പരാമർശങ്ങളോെടെ ചിലർ അധിക്ഷേപിക്കുന്നത്.