dd

എം.എൽ.എ (1948 - 54), എം.പി (1962 - 68), കാബിനറ്റ് റാങ്കിൽ ഭാഷാ ന്യൂനപക്ഷ കമ്മിഷണർ, യു.എൻ. പ്രതിനിധി സംഘം ലീഡർ, കെ.പി.സി.സി, എ.ഐ.സി.സി അംഗം, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ, കൗൺസിലർ, എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം (1948 - 51) തുടങ്ങിയ നിലകളിൽ ആത്മാർത്ഥമായും അർപ്പണബോധവും അനിതരസാധാരണമായ കഴിവും കൊണ്ട് തിളങ്ങി നിന്ന അഡ്വ. ദേവകീ ഗോപിദാസ് വിമാനാപകടത്തിൽ 54-ാം വയസിൽ മരണമടഞ്ഞിട്ട് 47 വർഷങ്ങൾ.

1973 മേയ് 31ന് തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് 737 ബോയിംഗ് വിമാനം രാത്രി 10 മണിക്ക് പാലം വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേ 5 കി.മീ അകലെ ആകാശമദ്ധ്യത്തിൽ വച്ച് തീപിടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. 'പാവങ്ങളുടെ അമ്മയായ" ദേവകിയും ആ വിമാനത്തിലുണ്ടായിരുന്നു.കേന്ദ്ര ഉരുക്ക് - ഖനി വകുപ്പ് മന്ത്രി മോഹൻ കുമാരമംഗലം, കസ്റ്റംസ് കളക്ടർ കൗസല്യ നാരായണൻ, മുൻ പഞ്ചാബ് മുഖ്യമന്ത്രി ഗുർണാംസിംഗ് എന്നിവരുൾപ്പെടെ 48 പേർ ഈ അപകടത്തിൽ മരിച്ചു.

സി. കേശവൻ മുഖ്യമന്ത്രിയായിരിക്കെ കോട്ടയത്തു നിന്നുള്ള എം.എൽ.എ, പണ്ഡിറ്റ് നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ എം.പി, ആർ. ശങ്കർ യോഗം ജനറൽ സെക്രട്ടറിയായിരിക്കെ എസ്.എൻ.ഡി.പി യോഗം ഡയറക്ടറും കൗൺസിലറും - തിളങ്ങുന്ന ഏടുകൾ വിരചിക്കപ്പെട്ട കാലഘട്ടം.

1918 ഡിസംബർ 4ന് കോട്ടയം കള്ളിക്കാട് പറമ്പിൽ, കാരാപ്പുഴ അരങ്ങശ്ശേരി കുടുംബത്തിൽ പ്രമുഖ കർഷകനായിരുന്ന നാരായണപണിക്കരുടെയും, നാരായണി അമ്മയുടെയും മകളായി ജനനം. കോട്ടയം സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂൾ, തിരുവനന്തപുരം ആർട്സ്, വിമൻസ് കോളേജുകളിലായി ബിരുദ വിദ്യാഭ്യാസം, കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം.

1947 മുതൽ കോട്ടയം, ആലപ്പുഴ ജില്ലാ കോടതികളിലും ഹൈക്കോടതിയിലും പ്രാക്ടീസ്. കേരളത്തിലെ ഒട്ടുമിക്ക സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിലും സന്നദ്ധ സംഘടനകളിലും ഭാരവാഹിത്വം. ഇന്ദിരാഗാന്ധിയുമായി ഉറ്റ ചങ്ങാത്തവും സുദൃഢമായ സൗഹൃദവും. ഇന്ത്യൻ പാർലമെന്റിലെ ഒട്ടുമിക്ക കമ്മിറ്റികളിലും സമിതികളിലും അംഗം, ഗവർണർ പദവി ആസന്നമായിരിക്കവേ അകാലമൃത്യു.

പബ്ലിക് അക്കൗണ്ട്സ്‌ കമ്മിറ്റി, എം.പീസ് സാലറീസ് ആൻഡ് അലവൻസസ് കമ്മിറ്റി, സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ്, സതേൺ റെയിൽവേ കേറ്ററിംഗ് കമ്മിറ്റി, നാഷണൽ റെയിൽവേ യൂസേഴ്സ് കൗൺസിൽ തുടങ്ങി ഒട്ടനവധി കമ്മിറ്റികളിൽ അംഗത്വം.

ഭർത്താവ് : ബിസിനസുകാരനായിരുന്ന കുട്ടനാട് വേഴപ്ര ആശാരിപ്പറമ്പ് ഗോപിദാസ്, മക്കൾ: ഡോ. പുഷ്പലത കൃഷ്ണൻകുട്ടി (ഗൈനക്കോളജിസ്റ്റ്), ഗോകുൽദാസ് (ബിസിനസ്), ഡോ. പ്രിയദർശിനി ശശിധരൻ (ഫിസിഷ്യൻ), ഡോ. മൻമോഹൻദാസ്, പരേതനായ ഡോ. വിജയമോഹൻദാസ് (ഗൈനക്കോളജിസ്റ്റ്).

(ദേവകീഗോപിദാസ് ഫൗണ്ടേഷൻ സെക്രട്ടറിയാണ് ലേഖകൻ)