rahul-gandhi-

വയനാട്: വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓൺലൈൻ പഠനത്തിനുവേണ്ട സഹായം രാഹുല്‍ഗാന്ധി എം.പി നല്‍കും. ഡിജിറ്റൽ സാമഗ്രികൾ നല്‍കുമെന്നും ഭൗതിക സാഹചര്യം ഒരുക്കുമെന്നും രാഹുൽഗാന്ധിയുടെ ഓഫീസ് അറിയിച്ചു. പഠനത്തിനുവേണ്ട സാമഗ്രികളുടെ വിവരങ്ങൾക്കായി മുഖ്യമന്ത്രിക്കും കള‌ക്ടർക്കും കത്തയച്ചു.

വയനാട്ടിലെ 700 കോളനികളിൽ വൈദ്യുതി ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങളില്ലെന്ന് ട്രൈബൽ വകുപ്പ് കണ്ടെത്തിയിരുന്നു. മേപ്പാടി നെടുമ്പാലയിൽ ആദിവാസിവിഭാഗക്കാർ താമസിക്കുന്ന ഇടമാണിത്. പതിനഞ്ചു കുട്ടികളുണ്ട്. ആദ്യ ദിനത്തെ ക്ലാസിനെപ്പറ്റി ഇവർ അറിഞ്ഞിട്ടു പോലുമുണ്ടായിരുന്നില്ല. ജില്ലയിലുള്ളത് 3000 ആദിവാസി കോളനികളാണ്. ട്രൈബൽ വകുപ്പ് സർവേ പ്രകാരം 700 കോളനികളിൽ ഓൺലൈൻ പഠനത്തിനുള്ള അടിസ്ഥാന സൗകര്യമില്ല.

600 ടിവികളും അനുബന്ധകാര്യങ്ങളുമാണ് ഇതിനായി വേണ്ടത്. വൈദ്യുതി ബന്ധവും മറ്റ് സൗകര്യവും ഇല്ലാത്ത കോളനികളിലെ കുട്ടികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട്. ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കാനായാണ് രാഹുൽഗാന്ധി ഇപ്പോൾ അടിയന്തര ഇടപെടൽ നടത്തിയിരിക്കുന്നത്.