pravasi-breturn-

തിരുവനന്തപുരം: പ്രവാസികള്‍ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി വി.മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് വ്യക്തമാക്കിയാല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ പ്രത്യേകിച്ച് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് ഏര്‍പ്പെടുത്തുമെന്നും അദേഹം വ്യക്തമാക്കി.

ഗള്‍ഫില്‍ ഇതിനകം തന്നെ 160ല്‍ അധികം മലയാളികള്‍ മരിച്ചുവെന്നും അതിനാല്‍ തന്നെ കൂടുതല്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി. ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളും കേരളം കേന്ദ്രത്തിന് മുന്നില്‍വച്ചു. കേരളം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ കൂടി പാലിക്കുന്ന വിമാനങ്ങളെ മാത്രമെ അനുവദിക്കുവെന്നാണ് കേരളമെടുത്തിരിക്കുന്ന നിലപാട്.

വന്ദേ ഭാരത് മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയാണ് ഇപ്പോഴുള്ളത്. ഇതില്‍ നിന്ന് വലിയ തോതിലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം ഇല്ല. അതുകൊണ്ട് ചാര്‍ട്ടേര്‍ഡ്‌ വിമാനങ്ങള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിം ആവശ്യപ്പെടുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.