ലക്നൗ: കേന്ദ്രമന്ത്രിയും അമേഠിയിലെ പാർലമെന്റ് അംഗവുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തിലെ പതിമൂന്നിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം രണ്ടുദിവസങ്ങളിലായി വളരെക്കുറച്ച് മണിക്കൂറുകൾ മാത്രമാണ് സ്മൃതിയെ മണ്ഡലത്തിൽ കണ്ടതെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം.
പോസ്റ്ററിലെ ഒരു വാചകം ഇങ്ങനെ:‘നിങ്ങളുടെ ട്വിറ്ററിലെ അന്താക്ഷരി മത്സരം ഞങ്ങൾ കണ്ടിരുന്നു. ചിലർക്ക് ഭക്ഷണവും കൊടുത്തിട്ടുണ്ട്. എന്നാൽ അമേഠിയിലെ ജനങ്ങൾ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും അറിയിക്കാൻ നിങ്ങളെ കാത്തിരിക്കുകയാണ്. അമേഠിയിലെ ജനങ്ങളെ പരിഗണിക്കാതിരിക്കുന്നത് വഴി ഇവിടം നിങ്ങൾക്കൊരു ടൂറിസ്റ്റ് കേന്ദ്രമാണെന്ന ധാരണയുണ്ടാക്കുന്നു’. പോസ്റ്ററിനു പിന്നിൽ ആരെന്ന് വ്യക്തമല്ല.എന്നാൽ പോസ്റ്ററിന് പിന്നിൽ ചിലരുടെ ഗൂഢാലോചനയുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.