വാഷിംഗ്ടൺ: കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിനെതിരെ നടക്കുന്ന പ്രതിഷേധം അമേരിക്കയിൽ ആളിക്കത്തുന്നു. പ്രതിഷേധക്കാർ വൈറ്റ് ഹൗസിനടുത്തുള്ള പള്ളിക്ക് തീയിട്ടു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് അടുത്തുവരെ പ്രതിഷേധക്കാർ പാഞ്ഞെത്തി.
യുഎസിൽ 140 നഗരങ്ങളിൽ വൻ പ്രതിഷേധവും സംഘർഷങ്ങളും നടക്കുകയാണ്. 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. 20 സംസ്ഥാനങ്ങളിൽ ദേശീയ സുരക്ഷാസേനയെ വിന്യസിച്ചു. ന്യൂയോർക്ക് അടക്കം പല നഗരങ്ങളിലും തീവയ്പും മോഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിനിയപ്പലിസിൽ പ്രതിഷേധക്കാർക്കു നേരെ ട്രക്ക് ഓടിച്ചു കയറ്റാൻ ശ്രമമുണ്ടായി.. പ്രതിഷേധ പ്രകടനങ്ങൾ പലതും അക്രമാസക്തമായി, അക്രമികൾ കടകൾ കൊള്ളയടിച്ചു. 4000 ത്തിലധികം പേരെ അറസ്റ്റ് ചെയ്തു.
വൈറ്റ്ഹൗസ് സമുച്ചയത്തിൽ അതീവ സുരക്ഷാ മുന്നറിയിപ്പു നൽകി. തീയിട്ട സെന്റ് ജോൺസ് പള്ളിയിലേക്ക് വൈറ്റ് ഹൗസിൽനിന്ന് പ്രസിഡന്റ് ട്രംപ് നടന്നു പോയി. ബൈബിളുമായി പള്ളിക്കുമുന്നിൽ നിന്നു. പളളി കത്തിച്ചതിനെ ഭീകരപ്രവർത്തനത്തോട് ഉപമിച്ച ട്രംപ് പട്ടാളത്തെ ഇറക്കി അടിച്ചമർത്തുമെന്നു വ്യക്തമാക്കി. യു.എസിൽ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവർത്തനമാണെന്നും ട്രംപ് പ്രതികരിച്ചു.നമ്മുടേത് ഒരു മഹത്തായ രാഷ്ട്രമാണ്. അതിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ നാം ബാദ്ധ്യസ്ഥരാണെന്ന് ട്രംപ് ഓർമപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റുമാർ സാധാരണ ആരാധനക്കെത്തുന്ന പുരാതനമായ പള്ളിയാണ് സെന്റ് ജോൺസ്. പള്ളിയ്ക്ക് മുൻപിൽ ഉയർത്തിയിരുന്ന അമേരിക്കൻ പതാക സമീപത്തു നിന്നും കണ്ടെത്തി.'വൈറ്റ് ഹൗസിന് മുന്നിൽ കലാപകാരികളെ നിയന്ത്രിക്കാൻ നാഷനൽ ഗാർഡ് രംഗത്തിറങ്ങി. സംസ്ഥാനങ്ങൾ വിളിക്കുന്നില്ലെങ്കിൽ പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയയ്ക്കുമെന്ന് ട്രംപ് പറഞ്ഞു.