uthra-murder-case

കൊല്ലം: ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്ത സ്വർണാഭരണങ്ങളുടെ പരിശോധനകൾ പൂർത്തീകരണത്തിലേക്ക്. ഉത്രയുടെ അമ്മ മണിമേഖല, സഹോദരൻ വിഷു വിജയസേനൻ, മകൻ ധ്രുവ് എന്നിവരെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വരുത്തി. വിവാഹ ആൽബവുമായാണ് ഇവർ എത്തിയത്. കുഴിച്ചിട്ടിരുന്ന ആഭരണങ്ങൾ ഇതു തന്നെ എന്ന് ബോധ്യപ്പെടുത്താനാണ് ഉത്രയുടെ ബന്ധുക്കളെ വരുത്തിയത്. തൊട്ടുപിന്നാലെ സൂരജിനെയും ഇവരുടെ അടുത്തേക്ക് കൊണ്ടുവന്നു. വിവാഹ ആൽബവും വീഡിയോയും അന്വേഷണ സംഘം പരിശോധിച്ചു. ആഭരണളെപ്പറ്റി സ്ഥിരീകരണമായതോടെ സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്വർണം ഞങ്ങൾ കൊടുത്തതു തന്നെ: ഉത്രയുടെ അമ്മ

സ്വർണം ഞങ്ങൾ കൊടുത്തത് തന്നെയെന്ന് ഉത്രയുടെ അമ്മ മണിമേഖല ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഉത്രയുടെ താലി അടക്കമുള്ളവ ഉണ്ട്. കുഞ്ഞിന്റെ ആഭരണങ്ങളും കൂട്ടത്തിൽ ഉണ്ട്. ഉത്രയുടെ അമ്മ പറഞ്ഞു. ഓരോന്നും പരിശോധിച്ച ശേഷമാണ് തങ്ങൾ നൽകിയ സ്വർണം മാത്രമാണെന്ന് ഇവർ തിരിച്ചറിഞ്ഞത്. കുഴിച്ചിട്ട സ്ഥലത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടെടുത്ത സ്വർണം ഉത്രയുടെയും കുഞ്ഞിന്റേതുമാണെന്ന് തിരിച്ചറിഞ്ഞതായി സഹോദരൻ വിഷു വിജയസേനനും വെളിപ്പെടുത്തി. വിവാഹ സമയത്ത് നൽകിയതാണ് ഉത്രയുടെ ആഭരണങ്ങൾ. പിന്നീട് മകൻ ധ്രുവിന് നൽകിയ സ്വർണവും കൂട്ടത്തിൽ ഉണ്ട്. ഇനിയും സ്വർണം കണ്ടെത്താനുണ്ടെന്നും വിഷു വ്യക്തമാക്കി

നൊമ്പരമായി ധ്രുവ്

ഒരു ഭിത്തിക്കപ്പുറത്ത് അച്ഛനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമ്പോൾ അമ്മാമ്മയുടെ പള്ളച്ചൂടിലേക്ക് കൂടുതൽ ചേർന്നിരിക്കുകയായിരുന്നു ഉത്രയുടെ മകൻ ധ്രുവ്. ക്രൈംബ്രാഞ്ച് ഓഫീസിൽ ഉത്രയുടെ അമ്മയ്ക്കും സഹോദരനും ഒപ്പമാണ് ധ്രുവ് എത്തിയത്. തൊട്ടുപിന്നാലെ സൂരജിനെയും കൊണ്ടുവന്നെങ്കിലും അടുത്ത മുറിയിൽ ഇരുത്തുകയായിരുന്നു.

അതേസമയം,​ ഉത്രയെ കൊലപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യാനായി പ്രതി സൂരജിന്റെ അമ്മ രേണുകയെയും സഹോദരിയെയും കസ്റ്റഡിയിലെടുത്ത് കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. അൽപ നിമിഷത്തിനകം ചോദ്യം ചെയ്യൽ തുടങ്ങും. ഇരുവരെയും ചോദ്യം ചെയ്ത ശേഷം സൂരജിന്റെ സാന്നിദ്ധ്യത്തിൽ വീണ്ടും ചോദ്യം ചെയ്യും. അടൂർ പറക്കോട്ടെ വീട്ടിൽ നിന്നും പിങ്ക് പൊലീസ് സംഘത്തിന്റെ വാഹനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കൊണ്ടുവന്നത്.

അമ്മയ്ക്കും സഹോദരിയ്ക്കും താൻ ചെയ്ത കൃത്യങ്ങളെപ്പറ്റി അറിവുണ്ടായിരുന്നുവെന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. ഉത്രയുടെ സ്വർണം കഴിച്ചിട്ടിടത്തു നിന്നും അന്വേഷണ സംഘം കണ്ടെടുക്കുകയും അച്ഛൻ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയുമുണ്ടായിരുന്നു. കൊലപാതകത്തിന് ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. തെളിയിക്കപ്പെട്ടാൽ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്യും. കൃത്യമായ വിവരങ്ങൾ ഇന്ന് ലഭിച്ചിച്ചെങ്കിൽ മാത്രമേ ഇരുവരെയും വിട്ടയക്കുകയുള്ളൂ.