cardinal

കൊച്ചി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജ രേഖാ കേസിൽ കുറ്റപത്രം പത്ത് ദിവസത്തിനകം നൽകും. മൂന്ന് വൈദികരടക്കം അഞ്ച് പ്രതികൾ കേസിൽ ഉണ്ടാകുമെന്നാണ് സൂചന.സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. എൻ.കെ ഉണ്ണികൃഷ്ണനെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി.

എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് വരുത്തി തീ‍ർക്കുന്നതിന് വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.അറസ്റ്റിലായ നാല് പ്രതികൾക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്.മറ്റ് രണ്ട് വൈദികരുടെ പങ്കിലും അന്വേഷണം പൂർത്തിയായി.

2019 ജനുവരിയിൽ നടന്ന സിറോ മലബാർ സിനഡിലായിരുന്നു മുൻ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്ത് കർദ്ദിനാളിനെതിരായ ബാങ്ക് രേഖകൾ ഹാജരാക്കിയത്. എന്നാൽ പരിശോധനയിൽ ഈ ബാങ്കുകളിൽ കർദ്ദിനാളിന് അക്കൗണ്ട് ഇല്ലെന്ന് കണ്ടെത്തി. തുടർന്നാണ് സിനഡ് നിർദ്ദേശ പ്രകാരം പൊലീസിൽ പരാതി നൽകിയത്. ജേക്കബ് മനത്തോടത്തിനെതിരെയും കേസെടുത്തെങ്കിലും കുറ്റകൃത്യത്തിൽ പങ്കില്ലാത്തതിനാൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.