editorial-

വിദേശത്തു നിന്ന് തിരിച്ചെത്തുന്ന മലയാളികളിൽ അമ്പതു ശതമാനത്തിലധികം പേർ ഇവിടെ തന്നെ തുടരാനാണ് സാദ്ധ്യത. ലോകം മുഴുവൻ വ്യാപിക്കുന്ന രീതിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനാൽ വിദേശത്തും സ്വദേശത്തും തൊഴിലവസരങ്ങൾ കുറയുക സ്വാഭാവികമാണ്. വിദേശത്തു നിന്ന് മടങ്ങിയെത്തുന്നവരെ സഹായിക്കാൻ ഇതിനകം തന്നെ സർക്കാർ ചില നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഈ നടപടികളുടെയൊന്നും ലക്ഷ്യം അവർക്ക് പുതിയ ജോലി നൽകുക എന്നതല്ല. പകരം ആവശ്യമായ വായ്‌പ ഇളവുകളോടെ നൽകാൻ സംവിധാനങ്ങൾ പ്രദാനം ചെയ്യും എന്നതാണ്. അതായത് അവർക്ക് ചെറിയ രീതിയിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുമെന്നാണ് സർക്കാർ പറയുന്നത്. ഇതൊരു പരമ്പരാഗത രീതിയാണ്. പലപ്പോഴും ലോൺ എടുത്ത് സംരംഭങ്ങൾ തുടങ്ങിയവർ കൂടുതൽ കടക്കാരായി മാറിയതിന് നിരവധി സാക്ഷ്യങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഒരു ജോലി ചെയ്ത് ശമ്പളം വാങ്ങി കുടുംബം പുലർത്തിക്കൊണ്ടിരുന്ന ഒരാൾക്ക് പെട്ടെന്ന് ഒരു സംരംഭകനായി മാറി ബിസിനസ് വിജയിപ്പിക്കുക എന്നത് സിദ്ധാന്ത തലത്തിൽ സ്വീകാര്യമായി തോന്നാമെങ്കിലും പ്രായോഗിക തലത്തിൽ അതിന്റെ വിജയ ശതമാനം വളരെ കുറവായിരിക്കും. ഒരു സംരംഭകന് അവശ്യം വേണ്ട ഗുണമേന്മകൾ പുലർത്തുന്നവർക്ക് മാത്രമേ ബിസിനസ് സംരംഭങ്ങളിൽ വിജയിക്കാനാവൂ. ജോലി ചെയ്യുന്നവർ പലപ്പോഴും മുകളിൽ ഉള്ളവരുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന ശീലം സ്വായത്തമാക്കിയവരാണ്. ഇതിൽ എല്ലാവർക്കും ബിസിനസ് സംരംഭകരാകാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.

ഈ പശ്ചാത്തലത്തിലാണ് വി.എസ്.എസ്.സി മുൻ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവുമായ എം.സി. ദത്തൻ മുന്നോട്ട് വച്ച മാർഗരേഖ പ്രസക്തമാകുന്നത്. ഈ മാർഗരേഖയുടെ ആദ്യഭാഗം ജൂൺ 2ന് കേരളകൗമുദിയുടെ എഡിറ്റ് പേജിൽ ലേഖനമായി പ്രസിദ്ധീകരിച്ചിരുന്നു.

വിദേശത്തു നിന്നു മടങ്ങിയെത്തുന്ന തൊഴിൽ നൈപുണ്യമുള്ളവരുടെ ഒരു നെറ്റ്‌ വർക്കിംഗ് സംവിധാനം ഉണ്ടാക്കുക എന്നതാണ് ഈ മാർഗരേഖയിലെ പ്രധാന നിർദ്ദേശം. കൊറോണാനന്തര കാലഘട്ടത്തിൽ ലോകം മുഴുവൻ ഡേറ്റയ്ക്കും അതു കൈകാര്യം ചെയ്യുന്ന ടെക്നോളജിക്കുമാണ് ഏറ്റവും പ്രാധാന്യംനൽകുക. എല്ലാവർക്കും ജോലി നൽകാൻ സർക്കാരിന് കഴിയില്ല. പക്ഷേ തൊഴിൽ നേടിക്കൊടുക്കാനുള്ള വിശ്വാസ്യതയുള്ള വഴികാട്ടിയാവാൻ സർക്കാരിന് കഴിയും. എന്നാൽ പരമ്പരാഗതരീതി വിടാനുള്ള വിമുഖതയാണ് മിക്ക സർക്കാരുകളെയും ഇപ്പോഴും ഭരിക്കുന്നത്. പുതിയ മാർഗങ്ങൾ വരുമ്പോൾ നിലനിൽക്കുന്ന ചില സംവിധാനങ്ങൾക്ക് കോട്ടം സംഭവിച്ചേക്കാം എന്നതും ആ വിഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉണ്ടാകും എന്നതുമാണ് പുതിയ രീതികൾ അവലംബിക്കാൻ സർക്കാരിന് തടസമാകുന്നത്. പുതിയ ടെക്നോളജിയും അതിന്റെ പ്രയോഗങ്ങളും ട്രേഡ് യൂണിയൻ സംഘടനകളുടെ നിലനില്പിന് ഭീഷണിയാവാം. പക്ഷേ അതിന്റെ പേരിൽ ടെക്നോളജിയുടെ സാദ്ധ്യതകളെ എത്രനാൾ നമുക്ക് മാറ്റി നിറുത്താൻ കഴിയും. ഉദാഹരണത്തിന് ബാങ്കുകളിൽ കമ്പ്യൂട്ടർവത്‌കരണം പാടില്ല എന്ന് പറഞ്ഞ് ബാങ്കിംഗ് രംഗത്തെ ജീവനക്കാരുടെ സംഘടനകൾ കമ്പ്യൂട്ടറുകളുടെ വരവിന്റെ തുടക്കകാലത്ത് സമരം ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടറുകൾ ഇല്ലാത്ത ബാങ്കുകളെ പറ്റി ഇന്ന് നമുക്ക് സങ്കല്പിക്കാൻ കഴിയില്ല. കമ്പ്യൂട്ടർ വന്നിട്ടും ലക്ഷക്കണക്കിന് ജീവനക്കാർ ഇന്നും ബാങ്കിംഗ് രംഗത്ത് പണിയെടുക്കുന്നുണ്ട്. നമ്മൾ ഭയക്കുന്ന പോലെയാവില്ല ഭാവിയിൽ കാര്യങ്ങൾ മാറി മറിഞ്ഞ് വരുന്നത്.

പുതിയ മാർഗരേഖയിൽ പറയുന്നത് തിരിച്ചെത്തിയ ഭൂരിഭാഗം പേർക്കും കേരളത്തിൽ തന്നെ ജോലി ലഭിക്കാനുള്ള അവസരം പുതിയ 'തൊഴിൽ ആപ്പി"ലൂടെ സൃഷ്ടിക്കാനാവുമെന്നാണ്.

നെറ്റ് വർക്കിംഗ് സംവിധാനത്തിൽ തൊഴിലാളികളുടെ വിവരം (ഡേറ്റ) ശേഖരിക്കുകയാണ് ആദ്യ ഘട്ടം. മാർഗരേഖയിൽ ഇങ്ങനെ പറയുന്നു: ''സമയത്തിനാണ് വില. ചെയ്യുന്ന ജോലിക്ക് കൂലി. ഒരു ദിവസം ഒരാളിന് മൂന്നോ നാലോ സ്ഥലങ്ങളിൽ ജോലി ചെയ്യാം. എട്ട് മണിക്കൂർ ജോലി എന്ന രീതിക്ക് പ്രസക്തി നഷ്ടപ്പെടും. കൂടുതൽ സമയം കൂടുതൽ മിടുക്കോടെ ജോലി ചെയ്യാൻ തയ്യാറാകുന്നവർക്ക് കൂടുതൽ വരുമാനം ഉണ്ടാകും''. .

മലയാളികൾക്ക് പല നേട്ടങ്ങളും മെച്ചങ്ങളും ഉണ്ടെങ്കിലും തൊഴിലിന് മാന്യത കൽപ്പിക്കുന്ന ഒരു സംസ്ക്കാരം നാം വേണ്ടവിധത്തിൽ പരിപോഷിപ്പിച്ചിട്ടില്ല. വിദേശത്ത് ജോലി ചെയ്യുന്ന നമ്മുടെ നാട്ടുകാരെയും അന്യസംസ്ഥാന തൊഴിലാളികളെയും സന്ദർഭം കിട്ടിയാൽ പരിഹസിക്കുന്നതിലും അവരെ ഇടിച്ച് താഴ്‌ത്തി സംസാരിക്കുന്നതിലുമാണ് പലർക്കും താത്പര്യം. അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായത്തിൽ വിദേശത്തു നിന്നു വന്ന അയൽവീട്ടിലെ കൂലിപ്പണിക്കാരനോട് 'നീയങ്ങ് കറുത്തുപോയല്ലോ" എന്നൊക്കെ ചോദിക്കുന്നത് മലയാളി പുലർത്തുന്ന ഈ മനോഭാവത്തിന്റെ പച്ചയായ പ്രതിഫലനമാണ്. മുന വച്ച് സംസാരിക്കുന്ന മലയാളിയാവട്ടെ അന്യരാജ്യങ്ങളിൽ പോയാൽ ഒരു ട്രേഡ് യൂണിയനിസവും എടുക്കാതെ ഏത് ജോലിയും ചെയ്യും. കൂലിയിലുള്ള വർദ്ധനവും സമൂഹത്തിലുള്ള പദവിയുമാണ് അതിന്റെ ആകർഷണം. ഏത് തൊഴിലിനും അതിന്റെ മാന്യത ഉണ്ടെന്ന വസ്തുത ചർച്ചയിലൂടെയല്ല അനുഭവത്തിലൂടെ മലയാളി മാറ്റാൻ തയ്യാറാകണം.

വിദേശത്തു ലഭിച്ച വരുമാനത്തിന്റെ പകുതി കേരളത്തിൽ ലഭിച്ചാൽ മതി അവർക്ക് സുഖമായി ഇവിടെ ജീവിക്കാൻ. കാരണം വിദേശത്തെ വാടകയോ ജീവിത ചെലവോ ഇവിടെ ഉണ്ടാകില്ല.

സർക്കാർ തന്നെ മുന്നിട്ടിറങ്ങി ഇങ്ങനെയൊരു സംവിധാനം ഉണ്ടാക്കുകയാണെങ്കിൽ വിദേശ മലയാളികളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും. കാരണം സർക്കാർ സംവിധാനത്തിന്റെ വിശ്വാസ്യത മറ്റൊന്നിനും പ്രദാനം ചെയ്യാനാകില്ല. ഡേറ്റ ശേഖരണവും സർക്കാർ തലത്തിലാവുമ്പോൾ എളുപ്പമാവും. ഇനി സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ സ്റ്റാർട്ടപ് കമ്പനികൾക്കും പ്രൈവറ്റ് ഏജൻസികൾക്കും മുന്നോട്ട് വരാവുന്നതാണ്. സെക്യൂരിറ്റി, ഹോം നഴ്സ്, വീട്ടുജോലി എന്നീ മേഖലയിൽ ആയിരങ്ങൾ തൊഴിൽ കണ്ടെത്തുന്നത് പ്രൈവറ്റ് ഏജൻസികൾ മുഖേനയാണ്.

മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് കൂടിയായ എം.സി. ദത്തൻ മുന്നോട്ടുവച്ച മാർഗരേഖ നടപ്പാക്കാൻ കേരള സർക്കാർ മുന്നോട്ടുവന്നാൽ അത് ഭാവിയിൽ ഇന്ത്യയ്ക്കാകെ മാതൃകയാകുമെന്നതിൽ സംശയിക്കേണ്ടതില്ല.

..........................................................................................................................................................................................................................................

മലയാളി അന്യരാജ്യങ്ങളിൽ പോയാൽ ഒരു ട്രേഡ് യൂണിയനിസവും എടുക്കാതെ ഏത് ജോലിയും ചെയ്യും. കൂലിയിലുള്ള വർദ്ധനവും സമൂഹത്തിലുള്ള പദവിയുമാണ് അതിന്റെ ആകർഷണം. ഏത് തൊഴിലിനും അതിന്റെ മാന്യത ഉണ്ടെന്ന വസ്തുത ചർച്ചയിലൂടെയല്ല അനുഭവത്തിലൂടെ മലയാളി മാറ്റാൻ തയ്യാറാകണം.