കിൻഷസ : കൊവിഡ് സൃഷ്ടിക്കുന്ന വൻ ആശങ്കകൾക്കിടയിൽ കോംഗോയെ വിറപ്പിച്ച് വീണ്ടും എബോള. 2018ൽ കോംഗോയുടെ കിഴക്കൻ മേഖലയിൽ പൊട്ടിപ്പുറപ്പെട്ട എബോള ഇപ്പോൾ നിയന്ത്രണാവിധേയമായി വരുന്നതിനിടെയാണ് രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ അടുത്തതായി പുതിയ എബോള കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരിക്കുന്നത്.
15 വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർ ഇതേ വരെ കോംഗോയിൽ മരിച്ചതായി യൂണിസെഫ് അറിയിച്ചു. ഇതേ വരെ ഒമ്പത് എബോള കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരെല്ലാം എംബാൻദാകയിലെ ആശുപത്രിയിലെ ഐസൊലേഷൻ യൂണിറ്റിൽ ചികിത്സയിലാണ്. മേയ് 18നും 30നും ഇടയിലാണ് എബോള മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോംഗോയുടെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ എംബാൻദാകയിൽ മാത്രം ആറ് കേസുകളാണ് കണ്ടെത്തിയത്. കോംഗോയിൽ ഇത് എബോളയുടെ 11ാമത്തെ വരവാണ്. രോഗത്തിന്റെ തീവ്രതയനുസരിച്ച് 25 മുതൽ 90 ശതമാനം വരെ മരണം സംഭവിച്ചേക്കാവുന്ന എബോള ശരീര സ്രവങ്ങളിലൂടെയാണ് മറ്റുള്ളവരിലേക്ക് പടരുന്നത്. വവ്വാലുകളാണ് എബോള വൈറസിന്റെ ഉത്ഭവ കേന്ദ്രങ്ങൾ.
2018ൽ കോംഗോയുടെ കിഴക്കൻ മേഖലകളിൽ എബോള പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത് ഇതേവരെ പൂർണമായി തുടച്ചു നീക്കപ്പെട്ടിട്ടില്ല. എന്നാൽ കഴിഞ്ഞ 21 ദിവസമായി ഈ മേഖലയിൽ പുതിയ എബോള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച 3,406 കേസിൽ 2,243 പേരും മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 21 ദിവസമാണ് എബോളയുടെ ഇൻകുബേഷൻ പിരീഡ്. കിഴക്കൻ കോംഗോയിൽ എബോള നിയന്ത്രണാവിധേയമായെന്ന് അനുമാനിക്കാമെങ്കിലും കുറഞ്ഞത് 42 ദിവസം കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നാൽ മാത്രമേ എബോളയെ പൂർണമായും തുടച്ചു നീക്കിയതായി നിഗമനത്തിലെത്താനാകൂ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
എന്നാൽ കിഴക്കൻ കോംഗോയിൽ എബോള ഭീഷണി അകലുമ്പോൾ, മറ്റൊരു ഭാഗത്ത് പുതിയ എബോള കേസുകൾ റിപ്പോർട്ട് ചെയ്യുകയും ആളുകൾ മരിക്കുകയും ചെയ്യുന്നത് വീണ്ടും ആശങ്കകൾക്കിടയാക്കുന്നു. ഇതിനിടെയിൽ രാജ്യത്ത് മീസിൽസും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. മദ്ധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഇതേവരെ 3,195 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72 പേർ മരിച്ചു. എന്നാൽ 2019 മുതൽ 370,000 പേർക്കാണ് കോംഗോയിൽ മീസിൽസ് സ്ഥിരീകരിച്ചത്. ഇതേ വരെ മീസിൽസ് ബാധിച്ച് മരിച്ചത് 6,779 പേരാണ്. കോംഗോയിൽ വീണ്ടും എബോള പ്രത്യക്ഷപ്പെടുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളായ ലൈബീരിയ, സിയേറ ലിയോൺ, ഗിനിയ തുടങ്ങിയ രാജ്യങ്ങളിൽ 2014 -2016 കാലയളവിൽ എബോള പൊട്ടിപ്പുറപ്പെട്ടിരുന്നു. അന്ന് 28,000 പേർ രോഗബാധിതരാകുകയും 11,000 പേർ മരിക്കുകയും ചെയ്തു. ആഫ്രിക്കൻ ഭൂഖണ്ഡം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ എബോള രോഗ കാലയളവ് അതായിരുന്നു.