photo

വിതുര: പൊന്മുടി-നെടുമങ്ങാട് സംസ്ഥാന പാതയിലെ തൊളിക്കോട് തോട്ടുമുക്കിൽ നിന്നും കന്നുകാലി വനം മേഖലയിലേക്കുള്ള റോഡ് മഴക്കാലമായാൽ വെള്ളത്തിനടിയിലാണ്. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിൽ ഉൾപ്പെടുന്ന ഈ റോഡിലൂടെയുള്ള കാൽനടയാത്രപോലും റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം കാരണം ദുരിതപൂർണമാണ്. ടാറിളകി കുഴികൾ നിറഞ്ഞ ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്ട്. റോഡിന്റെ ഇരുവശങ്ങളിലും പലഭാഗത്തും ഓട നിർമ്മിച്ചിട്ടില്ല എന്നതാണ് റോഡ് വെള്ളത്തിൽ മുങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഇത്തരത്തിൽ റോഡിൽ കെട്ടുന്ന വെള്ളം യാത്രക്കാരെ മാത്രമല്ല വലയ്ക്കുന്നത്. റോഡിന് സമീപത്തെ വീടുകളിലും കെട്ടിനിൽക്കുന്ന വെള്ളം കയറും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പ്രദേശത്തെ പല വീടുകളിലും വെള്ളം കയറി. കന്നുകാലി വനം റൂട്ടിലേക്കുള്ള ഗതാഗതവും തടസപ്പെട്ടു. റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇതിന്റെ പേരിൽ നിരവധി സമരങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. റോഡിന് ഇരുവശങ്ങളിലുമായി ഓട നിർമ്മിച്ച് റോഡ് ടാർ ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകും. ഇതിനായി നാട്ടുകാർ ഒപ്പിട്ട നിവേദനം തൊളിക്കോട് പഞ്ചായത്ത് അധികാരികൾക്ക് നൽകിയിട്ടുണ്ട്. നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് അധികാരികൾ നൽകിയതായും നട്ടുകാർ പറഞ്ഞു. നടപടികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ അറിയിച്ചു.

ഒടയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. തകർന്നു കിടക്കുന്ന റോഡിന്റെ പുനർനിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. എം. പി. സജിത-

തോട്ടുമുക്ക് വാർഡ് മെമ്പർ

മഴക്കാലമായതോടെ ഈ മേഖലയിൽ അധിവസിക്കുന്നവരുടെ അവസ്ഥ പരിതാപകര മായി. വെള്ളം കയറി നാശനഷ്ടം ഉണ്ടാകുകയും, രാത്രിയിൽ പേടിച്ച് ഉറങ്ങാൻ കഴിയാത്ത സ്ഥിതിയിലുമാണ്. മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.

 കന്നുകാലി വനം മേഖലയിലേക്കുള്ള വീടിനെ ആശ്രയിക്കുന്നത് 50 കുടുംബങ്ങൾ

 3 വീടുകളിൽ പൂർണമായും വെള്ളം കയറും

 പ്രശ്നപരിഹാരത്തിന് 100 പേർ ഒപ്പിട്ട നിവേദനം തൊളിക്കോട് പഞ്ചായത്തിന് നൽകി.